സാന്റോ ഡൊമിംഗോ : കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ വെച്ച് ഇന്ത്യൻ വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഡൊമിനിക്കൻ റിപ്പബ്ലിക് ബീച്ചിലെ ഒരു ലോഞ്ച് ചെയറിൽ അവരുടേതെന്ന് കരുതുന്ന വസ്ത്രത്തിന്റെ ഒരു ഭാഗം കണ്ടെത്തിയതായി ന്യൂയോർക്ക് പോസ്റ്റ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാർച്ച് ആറിന് RIU ഹോട്ടലിൽ വെച്ചാണ് ഇന്ത്യൻ വംശജയായ അമേരിക്കൻ വിദ്യാർത്ഥിനി സുദീക്ഷ കോണങ്കിയെ കാണാതായിരുന്നത്.
സുദീക്ഷയെ കാണാതായ സംഭവത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക് പോലീസ് അന്വേഷണം തുടരുകയാണ്. വസന്തകാല അവധി ആഘോഷിക്കാനായിരുന്നു സുദീക്ഷ കരീബിയൻ രാജ്യത്ത് എത്തിയിരുന്നത്. കോളേജ് സീനിയർ ആയ ജോഷ് റിബെയ്‌ക്കൊപ്പം ആണ് പെൺകുട്ടിയെ അവസാനമായി കണ്ടത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയതായിരിക്കാം എന്നാണ് കുടുംബം പരാതിപ്പെടുന്നത്. എന്നാൽ പെൺകുട്ടി ബീച്ചിൽ മുങ്ങിമരിച്ചിരിക്കാൻ സാധ്യത ഉള്ളതായാണ് പോലീസ് നിഗമനം.
പിറ്റ്സ്ബർഗ് സർവകലാശാല വിദ്യാർത്ഥിനിയാണ് സുദീക്ഷ കോണങ്കി. അപ്രത്യക്ഷയായ രാത്രിയിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ സുദീക്ഷ അവസാനമായി ധരിച്ചിരുന്ന വസ്ത്രത്തിനോട് സാമ്യമുള്ള വസ്ത്രവും ചെരുപ്പുകളും ആണ് ഇപ്പോൾ ബീച്ചിനരികിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. കടലിൽ ഇറങ്ങുന്നതിന് മുമ്പ് വിദ്യാർത്ഥിനി തന്റെ വസ്ത്രങ്ങൾ ലോഞ്ച് ചെയറിൽ വച്ചിരിക്കാമെന്നും, അവിടെ വെച്ച് അവൾ മുങ്ങിമരിച്ചിരിക്കാമെന്നും ആണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്.
Discussion about this post