മനുഷ്യന് ചെയ്യാൻ കഴിയുന്ന മഹാദാനങ്ങളിൽ ഒന്നാണ് രക്തദാനം. രക്തദാനം എന്ന പുണ്യ പ്രവർത്തിയിലൂടെ നിങ്ങളുടെ ആയുസ്സും വർദ്ധിപ്പിക്കാൻ കഴിയും എന്നാണ് പുതിയ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൃത്യമായ ഇടവേളകളിൽ രക്തം ദാനം ചെയ്യുന്നത് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉൾപ്പെടെ ഗുണകരമാണെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
രക്തദാനം സ്വീകർത്താവിന് മാത്രമല്ല ദാതാവിനും ഗുണകരമാണെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ലണ്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഗവേഷണ റിപ്പോർട്ടുകൾ ആണ് രക്തദാനം ദാതാവിന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതടക്കമുള്ള ഗുണങ്ങൾ നൽകുമെന്ന് കണ്ടെത്തിയിട്ടുള്ളത്. 40 വർഷമായി വർഷത്തിൽ മൂന്ന് തവണ വീതം രക്തം ദാനം ചെയ്യുന്ന 60 വയസ്സുകാരായ പുരുഷന്മാരുടെ ഒരു ഗ്രൂപ്പിനെ തുടർച്ചയായി നിരീക്ഷണവും പഠനവും നടത്തിയാണ് ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണം നടത്തിയിരുന്നത്.
വർഷത്തിൽ മൂന്ന് തവണ എങ്കിലും രക്തദാനം നടത്തുന്നവരിൽ രക്താർബുദ സാധ്യത ഉൾപ്പെടെ കുറയും എന്നാണ് കണ്ടെത്തിയിട്ടുള്ളത്. പ്രായമാകുമ്പോൾ, നമ്മുടെ രക്തം രൂപപ്പെടുന്ന സ്റ്റെം സെല്ലുകളിൽ സ്വാഭാവികമായും മ്യൂട്ടേഷനുകൾ അടിഞ്ഞു കൂടുന്നതാണ്. ക്ലോണൽ ഹെമറ്റോപോയിസിസ് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ഇത് രക്താർബുദത്തിനും മറ്റ് രക്ത വൈകല്യങ്ങൾക്കുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നതാണ്. എന്നാൽ കൃത്യമായ ഇടവേളകളിൽ രക്തദാനം ചെയ്യുന്നവരിൽ മ്യൂട്ടേഷനുകൾ അടിഞ്ഞു കൂടുന്നില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതിനാൽ തന്നെ ഇവരിൽ രക്താർബുദ സാധ്യത വളരെ കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പതിവായി രക്തദാനം ചെയ്യുന്നത് ശരീരത്തിലെ ഇരുമ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇത് ഹൃദ്രോഗത്തിനും ചിലതരം കാൻസറുകൾക്കുമുള്ള സാധ്യത കുറയ്ക്കും. രക്തദാനം പുതിയ രക്തകോശങ്ങളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ്. രക്തത്തിലെ വിസ്കോസിറ്റി അഥവാ രക്തത്തിന്റെ കട്ടിയാണ് ഹൃദയത്തിന്റെ ആരോഗ്യത്തിൽ പലപ്പോഴും വില്ലൻ ആകുന്നത്. രക്തം വളരെ കട്ടിയുള്ളതാണെങ്കിൽ, കട്ടപിടിക്കൽ, ഉയർന്ന രക്തസമ്മർദ്ദം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. രക്തം ദാനം ചെയ്യുന്നതിലൂടെ വിസ്കോസിറ്റി കുറയ്ക്കാൻ സഹായിക്കുന്നു, ഇത് നിങ്ങളുടെ ഹൃദയത്തിന്റെ പമ്പിങ്ങ് എളുപ്പമാക്കുന്നു. അതിനാൽ തന്നെ കൃത്യമായ ഇടവേളകളിൽ രക്തം ദാനം ചെയ്യുന്നവർക്ക് രക്തദാനം ചെയ്യാത്തവരെക്കാൾ ഹൃദയാരോഗ്യം ഉണ്ടായിരിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
Discussion about this post