ന്യൂഡൽഹി: അമേരിക്കൻ ദേശീയ രഹസ്യാന്വേഷണ വിഭാഗം മേധാവി തുളസി ഗബ്ബാർഡുമായുള്ള കൂടിക്കാഴ്ചയിൽ ഖാലിസ്ഥാൻ വിഷയം ഉന്നയിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അമേരിക്കയിൽ ഇന്ത്യയ്‌ക്കെതിരെ ഖാലിസ്ഥാൻ ഭീകരർ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം തുളസി ഗബ്ബാർഡിനോട് ആവശ്യപ്പെട്ടു. ഇന്നലെയാണ് തുളസി ഗബ്ബാർഡ് ഇന്ത്യയിൽ എത്തിയത്.
രാവിലെയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച കൂടിക്കാഴ്ചയുടെ വിവരം രാജ്‌നാഥ് സിംഗ് തന്നെയാണ് എക്‌സിൽ പങ്കുവച്ചത്. ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് രാജ്‌നാഥ് സിംഗ് ചിത്രത്തോടൊപ്പം എക്‌സിൽ കുറിച്ചു.
അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മേധാവി തുളസി ഗബ്ബാർഡുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. വിവിധ വിഷയങ്ങൾ പരസ്പരം ചർച്ച ചെയ്തു. പ്രതിരോധം, സുരക്ഷ, എന്നിവയുൾപ്പെടെയുള്ള വിവിധ ഉഭയകക്ഷി വിഷയങ്ങൾ ചർച്ചയുടെ ഭാഗമായെന്നും അദ്ദേഹം പറഞ്ഞു.
ഖാലിസ്ഥാൻ ഭീകര നേതാവ് ഗുർപത്വന്ത് സിംഗ് പന്നുനിന് നേരെയുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നവംബറിൽ നിഖിൽ ഗുപ്തയെന്ന ഇന്ത്യക്കാരനെ അമേരിക്ക അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടു ഇരുവരും തമ്മിൽ ചർച്ച നടന്നതായിട്ടാണ് സൂചന.
ഇന്ത്യയിലെത്തിയ ഗബ്ബാർഡ് ആദ്യം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്‌നാഥ് സിംഗിനെ കണ്ടത്. രഹസ്യാന്വേഷണ വിഭാഗങ്ങൾ തമ്മിലുള്ള വിവരങ്ങളുടെ കൈമാറ്റം സംബന്ധിച്ച് ആയിരുന്നു ഇരു നേതാക്കളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തത്. കഴിഞ്ഞ മാസം അമേരിക്കയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഗബ്ബാർഡ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗബ്ബാർഡ് ഇന്ത്യയിലേക്ക് എത്തിയത്. ജർമ്മനി, ഫ്രാൻസ്, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിദേശ സന്ദർശനത്തിന്റെ ഭാഗമായി കൂടിയാണ് ഗബ്ബാർഡ് ഇന്ത്യയിൽ എത്തിയത്.
Discussion about this post