കൊല്ലം: താന്നിയിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി. ബിഎസ്എൻഎൽ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് (38), ഭാര്യ സുലു (36) എന്നിവരാണ് ജീവനൊടുക്കിയത്. രണ്ടര വയസ്സുകാരനായ ആദിയെ കൊലപ്പെടുത്തിയ ശേഷം ആയിരുന്നു ഇരുവരും ജീവനൊടുക്കിയത്.
രാവിലെയോടെയായിരുന്നു സംഭവം. തൂങ്ങിയ നിലയിൽ ആയിരുന്നു അജീഷിന്റെയും സുലുവിന്റെയും മൃതദേഹങ്ങൾ കണ്ടത്. കട്ടിലിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹം. ഏറെ നേരം ആയിട്ടും അജീഷിനെയോ സുലുവിനെയോ വീടിന് പുറത്ത് കണ്ടിരുന്നില്ല. ഇതോടെ വീട്ടുകാർ അയൽവാസികളെ വിട്ട് അന്വേഷിപ്പിക്കുകയായിരുന്നു. അപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ ഇരുവരെയും കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് പിന്നിൽ എന്നാണ് സൂചന. ചെറിയ സാമ്പത്തിക പ്രശ്‌നം ഉള്ളതായി ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. അടുത്തിടെയായി അജീഷിന് അർബുദം സ്ഥിരീകരിച്ചിരുന്നു. ഇതാണ് പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കടുത്ത മാനസിക പ്രയാസത്തിൽ ആയിരുന്നു അജീഷ്. ചെറിയ ജോലികൾ ചെയ്താണ് അജീഷ് കുടുംബം നോക്കിയിരുന്നത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്. മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു.
Discussion about this post