കോഴിക്കോട് ;താമരശ്ശേരി പുതുപ്പാടിയിൽ ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഈങ്ങാപ്പുഴയിൽ ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിൽ. ഈ തട്ടുകട കുറച്ച് നാളുകളൾക്ക് മുൻപ് പൂട്ടിച്ചിരുന്നു. ലഹരി ഉപയോഗത്തിന്റെ കേന്ദ്രമാണെന്ന് പറഞ്ഞ് സമീപവാസികൾ പരാതി പെട്ടിരുന്നു. ഇതിനെ തുടർന്നാണ് നടപടി എടുത്തിരുന്നത്. എന്നാൽ തട്ടുകട വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. ഈ തട്ടുകടയുടെ മറവിൽ വീണ്ടും ലഹരി വില്പന നടത്തുകയായിരുന്നു.
പ്രണയിച്ച് വിവാഹം ചെയ്തവരായിരുന്നു യാസിറും ഷിബിലയും. യാസിറിന്റെ ലഹരിയുപയോഗവും, ശാരീരിക പീഡനവും കാരണം സഹികെട്ടാണ് ഷിബില യാസിറിന് ഒപ്പം താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് മകൾക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറിയത്. വസ്ത്രങ്ങളും വിവിധ രേഖകകളും വാടക വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. ഇതെടുക്കാനായി ഷിബിലയും കുടുംബവും ശ്രമിച്ചെങ്കിലും യാസിർ സമ്മതിച്ചില്ല. അതിനിടെയിലാണ് സ്‌കൂൾ സർട്ടിഫിക്കറ്റുകൾ യാസർ കക്കാട്ടെ വീട്ടിലെത്തി തിരികെ നൽകിയത്. വൈകീട്ട് നോമ്പുതുറ നേരത്ത് വീണ്ടും വരാമെന്നും സലാം ചൊല്ലി പിരിയാമെന്നും പറഞ്ഞു. അത് പക്ഷേ ഷിബിലയുടെ ജീവനെടുക്കാനായിരുന്നുവെന്ന് ആരും അറിഞ്ഞില്ല. നിലവിളി കേട്ട് അയൽവാസികൾ എത്തുമ്പോഴേക്കും ഷിബില കുത്തേറ്റ് വീണിരുന്നു. അച്ഛൻ അബ്ദു റഹ്‌മാനും അമ്മ ഹസീനയ്ക്കും വെട്ടേറ്റു. അയൽവാസികൾക്ക് നേരെയും കത്തിവീശി. കൊലപാതകം നടന്ന നേരത്ത് യാസിർ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് പോലീസ് കണ്ടെത്തൽ. സ്വബോധത്തോടെ കരുതിക്കൂട്ടിയാണ് യാസിർ കൊലചെയ്യാനെത്തിയെന്നാണ് പോലീസ് നിഗമനം.
പണം നൽകാത്തത്തിനുള്ള പ്രകോപനമാണ് ആഷിഖ് ഉമ്മയെ കൊലപ്പെടുത്താനുള്ള കാരണം. തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖ് നാട്ടുകാരോട് പറഞ്ഞിരുന്നത്. കൊലപാതകത്തിന് മുമ്പ് രണ്ടു ദിവസം ആഷിഖ് വീട്ടിൽ എത്തിയിരുന്നില്ല. എവിടെ പോയിരുന്നെന്ന് ചോദിച്ച അമ്മയോട് തനിക്ക് പൈസ വേണം എന്നായിരുന്നു മറുപടി. പിന്നീടുണ്ടായ തർക്കത്തിനൊടുവിലാണ് നിഷ്ഠൂരമായ കൊലപാതകം അരങ്ങേറിയത്. ആഷിഖിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ പിതാവ് വിവാഹബന്ധം വേർപ്പെടുത്തി പിരിഞ്ഞിരുന്നു.
Discussion about this post