മുംബൈ: നാഗ്പൂർ കലാപത്തിന്റെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. മൈനോരിറ്റീസ് ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് ഫഹിം ഖാൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം പോലീസ് ഇയാളുടെ ചിത്രം പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഗണേഷ്പഥ് പോലീസ് ആണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഫഹിം ഖാൻ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെയാണ് പ്രദേശത്ത് സംഘർഷം ഉടലെടുത്തത് എന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ കേസ് എടുത്തു. കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഒളിവിൽ പോയതിനാൽ ഇതിന് കഴിഞ്ഞില്ല. ഇതോടെ ചിത്രം പുറത്തുവിടുകയായിരുന്നു.
ഇതിനിടെ ഇയാൾക്കെതിരെ ഹിന്ദു സംഘടനകളായ ബജ്രംഗ്ദളും, വിശ്വ ഹിന്ദു പരിഷതും പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഗണേഷ് നഗർ പോലീസുകാർക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചുകൊണ്ട് ഫഹിം വീഡിയോ പങ്കുവയ്ക്കുകയായിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചു.
അറസ്റ്റിലായ ഫഹിം ഖാനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. നാളെ ഇയാളെ വിശദമായ അന്വേഷണത്തിനായി കസ്റ്റഡിയിൽ എടുക്കുന്നതിനുള്ള അപേക്ഷ പോലീസ് കോടതിയിൽ സമർപ്പിക്കും. യശോദര നഗർ സ്വദേശിയാണ് ഫഹിം ഖാൻ.
Discussion about this post