രണ്ട് മുട്ടയെടുത്ത് ബുൾസൈ ഉണ്ടാക്കാമെന്ന വല്ല ചിന്തയും ഉണ്ടാ? എന്നാൽ ആസ്വദിച്ച് ഉണ്ടാക്കി കഴിച്ചോളൂ. കൊലകൊമ്പൻമാരെന്ന നടിക്കുന്ന അമേരിക്കക്കാർ ഊണിലും ഉറക്കത്തിലും ആഗ്രഹിക്കുന്നതാണ് നിങ്ങളിപ്പോൾ ഇത്രയെളുപ്പം സാധിക്കുന്നത്. കേവലം കോഴിമുട്ടയുടെ പേരിൽ നിലംതൊടാതെ ഓടുകയാണ് അമേരിക്കൻ പൗരന്മാരും ഭരണകൂടവുമിപ്പോൾ. ആയുധക്കടത്ത് സ്വർണ്ണക്കടത്ത് പോലെ മുട്ടക്കള്ളക്കടത്ത് രാജ്യത്ത് വ്യാപകമായിരിക്കുകയാണ്. ഒട്ടേറെ മുട്ടക്കള്ളന്മാരും വലയിലായി.
എന്താണ് യഥാർത്ഥത്തിൽ അമേരിക്കയിൽ ഈ കോഴിമുട്ടയെ ചുറ്റിപ്പറ്റി സംഭവിക്കുന്നത്? കോഴി മുട്ട വില വർധനയിൽ വലയുകയാണ് അമേരിക്കൻ ജനത. അടുത്തെങ്ങും കേട്ടുകേൾവിയില്ലാത്ത വിധമാണ് മുട്ട വില വർധിക്കുന്നത്. യുഎസ് കോൺഗ്രസിനെ അഭിസംബോധനചെയ്തുള്ള ആദ്യ പ്രസംഗത്തിൽതന്നെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുട്ടവിലയെക്കുറിച്ചും സംസാരിച്ചിരുന്നു ബൈഡനാണ് മുട്ട വില വർധിക്കാൻ കാരണമെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
,വീട്ടാവശ്യങ്ങൾക്കുള്ള മുട്ട വാങ്ങാൻ പോലും പലരുടെ കയ്യിലും പണം തികയാത്ത അവസ്ഥയാണുള്ളത്. പ്രോട്ടീൻ ഏറ്റവും അധികമുള്ള വസ്തു എന്ന നിലയിൽ അമേരിക്കക്കാർക്ക് ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് മുട്ട. ബേക്കിംഗ് മുതൽ ഓംലെറ്റ് ഉണ്ടാക്കുന്നത് വരെയുള്ള കാര്യങ്ങളിൽ അമേരിക്കൻ ജനതയുടെ ഒരു പ്രധാന ഭക്ഷ്യവസ്തു. മുട്ടവിലവർധന റെസ്റ്റോറന്റുകളിലെ ഭക്ഷണത്തിന്റെ വിലയും വർദ്ധിപ്പിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ഉണ്ടായ പക്ഷിപ്പനിയാണ് മുട്ടയുടെയും കോഴിഇറച്ചിയുടേയും ഉത്പാദനത്തെ താറുമാറാക്കിയത്. ട്രംപ് അധികാരമേറ്റെടുത്ത് മാസങ്ങൾ പിന്നിടുമ്പോൾ മുട്ടവില 59 ശതമാനമാണേ്രത വർദ്ധിച്ചത്.
സ്ഥിതി ഇവിടെ നിൽക്കില്ലെന്നും ഈ വർഷം മുട്ടയ്ക്ക് 41% വരെ വിലവർധനവിന് ഇത് കാരണമായേക്കാം എന്നുമാണ് പ്രവചിക്കപ്പെടുന്നത്. ഒരു ഡസൻ മുട്ടക്ക് എക്കാലത്തെയും ഉയർന്ന നിരക്കായ 8.41 ഡോളറിലെത്തിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു.ഇതോടെ പ്രതിസന്ധി തരണം ചെയ്യാനായി മറ്റുരാജ്യങ്ങളുടെ സഹായം തേടിയിരിക്കുകയാണ് അമേരിക്ക. യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റ് (യുഎസ്ഡിഎ) ആണ് നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ സമീപിച്ചത്. ഫിൻലാൻഡ്,സ്വീഡൻ,നെതർലൻഡ്‌ലിത്വിയാന,ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളുടെ വാതിലുകളിലാണ് അമേരിക്ക മുട്ടിയത്.
എന്നാൽ, അമേരിക്കയുടെ അഭ്യർഥന ഫിൻലൻഡ് നിരസിച്ചിരിക്കുകയാണ്. തങ്ങൾ കയറ്റിയിറക്കുന്ന മുട്ടയ്ക്ക് വിപണി ലഭിക്കുന്നത് സംബന്ധിച്ച് യാതൊരു ചർച്ചകളും ഉണ്ടായില്ലെന്ന് കാണിച്ചാണ് ഫിൻലൻഡ് കയറ്റുമതി നിഷേധിച്ചത്.ഫിൻലൻഡിന് നിലവിൽ യുഎസിലേക്ക് മുട്ട കയറ്റുമതി ചെയ്യാനാവശ്യമായ അനുമതിയില്ല. അത് നേടിയെടുക്കാൻ വലിയ അധ്വാനംവേണ്ടിവരുമെന്നതുകൂടി യുഎസിന്റെ ആവശ്യം നിഷേധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നു.
ഡെൻമാർക്കാകട്ടെ കിട്ടിയ അവസരം മുതലാക്കാനുള്ള ശ്രമത്തിലാണ്. ഗ്രീൻലാൻഡ് അമേരിക്കയ്ക്ക് വിൽക്കാൻ ഡെന്മാർക്ക് വിസമ്മതിച്ചതിന് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് മുട്ട ചോദിച്ചുകൊണ്ടുള്ള അമേരിക്കയുടെ ഈ സഹായ അഭ്യർത്ഥന. അതുകൊണ്ട് തന്നെ കുറച്ച് ഡിമാൻഡ് ഇട്ടതിന് ശേഷമേ മുട്ടക്കാര്യത്തിൽ ഡെൻമാർക്ക് എന്തായാലും ഒരു തീരുമാനമെടുക്കൂ.
മുട്ടക്കാര്യത്തിൽ ട്രംപ് ഉടനടി എന്തെങ്കിലും പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഭരണനിർവ്വഹണത്തിൽ ജനം ട്രംപിന് മുട്ടമാർക്ക് തന്നെ നൽകുമെന്നതിൽ സംശയമില്ല. വലിയ രാജ്യമാണ്. തോക്കുംറോക്കറ്റും ഡോളറുമൊക്കെയുണ്ട് പക്ഷേ മുട്ടയ്ക്ക് വേണ്ടി അലയന്നുവെന്നാണ് സോഷ്യൽമീഡിയകളിലെ പരിഹാസം.
Discussion about this post