ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ് കരാറിൽ മുൻ ആർആർ ക്യാപ്റ്റനായ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിൽ എത്തിയത് ക്രിക്കറ്റ് ലോകത്ത് വലിയ രീതിയിൽ ചർച്ചയായ ഒരു സംഭവമായിരുന്നു. സഞ്ജുവിനെ ഒപ്പം കൂട്ടാൻ പകരമായി രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈ രാജസ്ഥാന് കൈമാറി.
എന്തായാലും സാംസൺ സിഎസ്‌കെയിലേക്ക് വന്നതോടെ, വരാനിരിക്കുന്ന സീസണിൽ കേരള ബാറ്റ്‌സ്മാൻ സഞ്ജു, അവരുടെ ക്യാപ്റ്റനായി നിയമിക്കപ്പെടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നിരുന്നാലും, 2026 ലും ഫ്രാഞ്ചൈസിയെ നയിക്കാൻ ഋതുരാജ് ഗെയ്ക്‌വാദിനെ തന്നെയാണ് ചെന്നൈ സൂപ്പർ കിങ്‌സ് ചുമതലപ്പെടുത്തിയത്.
അടുത്തിടെ ഒരു അഭിമുഖത്തിൽ, സിഎസ്‌കെയെ നയിക്കാനുള്ള തന്റെ അഭിലാഷത്തെക്കുറിച്ച് സാംസൺ മൗനം വെടിഞ്ഞു. ഗെയ്‌ക്‌വാദിന് പിന്തുണ നൽകുകയും 2026 ൽ അദ്ദേഹത്തിന്റെ കീഴിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. “ഋതു എന്റെ ഒരു നല്ല സുഹൃത്താണ്. അദ്ദേഹം ക്യാപ്റ്റനാണ്, അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു നേതാവെന്ന നിലയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” സിഎസ്‌കെയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സാംസൺ പറഞ്ഞു.
രാജസ്ഥാൻ റോയൽസിനായി സഞ്ജു സാംസൺ ഒരുപാട് വർഷക്കാലം ഓപ്പണർ റോളിലാണ് തിളങ്ങിയിരുന്നത്. എന്നിരുന്നാലും, കഴിഞ്ഞ സീസണിന്റെ മധ്യത്തിൽ, വൈഭവ് സൂര്യവംശിയുടെ വരവോടെ താരം മൂന്നാം നമ്പറിലേക്കിറങ്ങി. സാംസണെപ്പോലെ, ഗെയ്‌ക്‌വാദും 2025 ഐപിഎല്ലിൽ മൂന്നാം നമ്പറിലാണ് കളിക്കുന്നത്. അതിനാൽ തന്നെ അടുത്ത സീസണിൽ ചെന്നൈയുടെ കോമ്പിനേഷൻ കണ്ടറിയണം.
ധോണിയുടെ പ്രായവും അദ്ദേഹം കളിക്കുന്ന സ്ഥാനവുമൊക്കെ പരിഗണിച്ച് ഇനി ചെന്നൈ ഏറെ ആശ്രയിക്കുന്ന താരങ്ങൾ സഞ്ജുവും ഋതുരാജും ആയിരിക്കും എന്ന് ഉറപ്പാണ്.













Discussion about this post