അമിതഭാരം കുറയ്ക്കാനായി ശ്രമിക്കുന്നവർക്കിടയിൽ ഇപ്പോൾ ഏറ്റവും തരംഗം ആയിരിക്കുന്ന ഡയറ്റ് ആണ് സീറോ കാർബ് ഡയറ്റ്. ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് അഥവാ അന്നജത്തിന്റെ അളവ് ഏറെക്കുറെ പൂർണ്ണമായും ഒഴിവാക്കി പകരം പ്രോട്ടീൻ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നതാണ് ഈ ഡയറ്റ്. ശരീരഭാരം കുറയുന്നതിനും വയറു കുറയുന്നതിനും ഈ ഡയറ്റ് ഏറെ ഫലപ്രദമായി കരുതപ്പെടുന്നു. എന്നാൽ ശരീരത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റ് ലഭിക്കാതെ വരുമ്പോൾ ചില ദോഷഫലങ്ങളും ഉണ്ടാകാം എന്ന് വ്യക്തമാക്കുകയാണ് ന്യൂട്രീഷൻ കോച്ച് ആയ ജസ്റ്റിൻ ഗിച്ചാബ.
സീറോ കാർബ് ഡയറ്റ് പിന്തുടർന്നതിനു ശേഷം തന്റെ ശരീരത്തിൽ ഉണ്ടായ മാറ്റങ്ങളും അനുഭവങ്ങളും തുറന്നു പറഞ്ഞു കൊണ്ടാണ് ഇൻസ്റ്റഗ്രാമിലൂടെ ജസ്റ്റിൻ ഗിച്ചാബ ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് ഒഴിവാക്കുന്നത് വഴി ശരീര ഭാരം കുറയാൻ സഹായിക്കുമെങ്കിലും ശാരീരിക ക്ഷമതയെ ഇത് ദോഷകരമായി ബാധിക്കും എന്നാണ് ഗിച്ചാബ വ്യക്തമാക്കുന്നത്. ശരീരത്തിന് സ്ഥിരമായി അന്നജം ലഭിക്കാതെ വരുമ്പോൾ ശാരീരിക ക്ഷമതയും പേശി ബലവും കുറയും. ഇതിനാൽ തന്നെ ശരീര ബലമോ ഊർജമോ ഉപയോഗിച്ച് ചെയ്യേണ്ട ജോലികളോ വ്യായാമമോ ശരിയായി ചെയ്യാൻ കഴിയാതെ വരും. കാരണം കാർബോഹൈഡ്രേറ്റുകളാണ് വ്യായാമത്തിന് ശരീരത്തിന്റെ ഏറ്റവും വേഗതയേറിയതും കാര്യക്ഷമവുമായ ഊർജ്ജ സ്രോതസ്സ്. അത് ലഭിക്കാതെ വരുമ്പോൾ ശരീരത്തിന്റെ ഊർജ്ജവും ബലവും കുറയും എന്നും ഗിച്ചാബ അഭിപ്രായപ്പെട്ടു.
എങ്കിലും കാർബോഹൈഡ്രേറ്റ് ഒഴിവാക്കിയുള്ള ഭക്ഷണക്രമം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ടൈപ്പ് 2 പ്രമേഹം, മെറ്റബോളിക് സിൻഡ്രോം എന്നിവയുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നതാണ്. വ്യായാമം ചെയ്യാതെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച വഴിയാണ്. അന്നജം ഉൾപ്പെട്ടിട്ടുള്ള ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കി പ്രോട്ടീൻ, ഫാറ്റ്, ഫൈബർ എന്നിവ ഉൾപ്പെടുത്തിയ ഭക്ഷണക്രമം സ്വീകരിക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. എന്നാൽ ഈ ഡയറ്റിനു മുൻപായി നിങ്ങളുടെ ശാരീരിക പ്രവർത്തനങ്ങൾ കൃത്യമായി ഉറപ്പുവരുത്തുകയും ഒരു ഡോക്ടറുടെ അഭിപ്രായം തേടുകയും ചെയ്യേണ്ടതും ആവശ്യമാണ്.
Discussion about this post