കൊച്ചി: വെടിയുണ്ട ചട്ടിയിൽ ചൂടാക്കിയപ്പോൾ പൊട്ടിത്തെറിച്ച സംഭവത്തിൽ അന്വേഷണം. സംഭവത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ റിപ്പോർട്ട് തേടി. ഈ മാസം പത്തിന് എറണാകുളം എ.ആർ ക്യാമ്പിന്റെ അടുക്കളയിലാണ് സംഭവം. ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും വീടുകളുമുള്ള മേഖലയിൽ തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്.
ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് എസ്.ഐ സജീവിനെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയാണ് ഉത്തരവിട്ടത്.ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തുന്ന വേളയിൽ ആകാശത്തേക്ക് വെടിയുതിർക്കുന്ന ഉണ്ടകൾ (ബ്ലാങ്ക് അമ്യൂണിഷൻ) ആണ് ചട്ടിയിലിട്ട് ചൂടാക്കിയത്.
ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ സംസ്‌കാര ചടങ്ങുകൾക്കായി ഉണ്ടകൾ എടുത്തപ്പോഴായിരുന്നു സംഭവം. ആയുധപ്പുരയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ വെയിലത്തുവെച്ച് ചൂടാക്കിയ ശേഷമാണ് സാധാരണ ഗതിയിൽ ഇവ ഉപയോഗിക്കാറുള്ളത്. എന്നാൽ രാവിലെ ചടങ്ങിനു പോകാൻ ആവശ്യപ്പെട്ടപ്പോൾ പെട്ടെന്ന് ചൂടാക്കിയെടുക്കാൻ ചട്ടിയിലിടുകയായിരുന്നു എന്നാണ് വിവരം. ക്യാമ്പ് മെസ്സിലെ അടുക്കളയിലെത്തിച്ചാണ് ഇങ്ങനെ ചെയ്തത്. പിച്ചള കാട്രിജിനുള്ളിൽ വെടിമരുന്ന് നിറച്ചാണ് ബ്ലാങ്ക് അമ്യൂണിഷൻ നിർമ്മിക്കുന്നത്. വെടിയുതിർക്കുമ്പോൾ തീയും ശബ്ദവും മാത്രമേ ഉണ്ടാകുകയുള്ളൂ.
Discussion about this post