സിനിമയിലല്ലാത്ത പാട്ടുകൾ കാസറ്റിലാക്കി തുടങ്ങിയത് 1980 കളിലാണ്. മലയാളത്തിൽ രഞ്ജിനി കാസറ്റിന്റെ ഉടമ ഉസ്മാനാണതിനു മുൻ കയ്യെടുത്തത്. ആശയം നൽകിയത് പ്രശസ്ത തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫും. ഉസ്മാന്റെ അടുത്ത സുഹൃത്തായിരുന്നു ഡെന്നിസ് ജോസഫ്.
സിനിമാപാട്ടുകൾ കാസറ്റിലാക്കി വിൽക്കുന്ന പരിപാടി അന്ന് തുടങ്ങിയിട്ടില്ല. അതുമാത്രമല്ല സിനിമയിലെ പാട്ടുകളൊന്നും പുറത്ത് കൊടുക്കാറുമില്ല. പുരുഷ ശബ്ദത്തിൽ 90 ശതമാനവും യേശുദാസ് ആയിരുന്നു. അതിന്റെ അവകാശം യേശുദാസിന്റെ തന്നെ തരംഗിണിക്കുമാണ്.
എന്തായാലും സിനിമയിലെ പോലെ പത്ത് ഗാനസന്ദർഭങ്ങൾ ഉണ്ടാക്കി പാട്ടെഴുതി. ഇനി പാടാൻ ആളെ നോക്കണം. അങ്ങനെ രഞ്ജിനിയുടെ ആദ്യ കാസറ്റിനു വേണ്ടി പുരുഷ ശബ്ദത്തിന് മാർക്കോസിനെ തിരഞ്ഞെടുത്തു. സ്ത്രീ ശബ്ദത്തിനായി ആളെ തിരയുകയാണ് ഉസ്മാനും ഡെന്നിസ് ജോസഫും.
തിരുവനന്തപുരത്ത് കരമനയിൽ പുതിയൊരു സിംഗർ വന്നിട്ടുണ്ടെന്നും അവരെ നോക്കാമെന്നും പറഞ്ഞ് ഡെന്നിസ് ജോസഫും ഉസ്മാനും അങ്ങോട്ട് വെച്ചു പിടിച്ചു. പാട്ടുകാരിയുടെ പേര് ബീന. പക്ഷേ ബീനയുടെ വീട്ടിലെത്തിയപ്പോൾ നിരാശയായി. ബീന നന്നായി പാടും പക്ഷേ ആൾ വിവാഹം കഴിഞ്ഞ് ഗൾഫിലേക്ക് പോയി. ആളുടെ അനിയത്തി ഇവിടെ ഉണ്ട്. അവളും പാട്ടുകാരിയാണ്. ഒരു സിനിമയിൽ പാടിയിട്ടുണ്ട്. ആൾ മതിയോന്ന് നോക്കൂ എന്ന് ബീനയുടെ അച്ഛൻ കരമന കൃഷ്ണൻ നായർ.
പതിനാറു വയസ്സോ മറ്റോ ഉള്ള ഒരുപാവാടക്കാരി വന്ന് അവൾ പാടിയ പാട്ടുകൾ ഉസ്മാനേയും ഡെന്നിസ് ജോസഫിനേയും കേൾപ്പിച്ചു. രഞ്ജിനി കാസറ്റിന്റെ ആദ്യ കാസറ്റിൽ സ്ത്രീ ശബ്ദം ഈ പെൺകുട്ടി മതിയെന്ന് ഇരുവരും തീരുമാനിച്ചു. അഡ്വാൻസും കൊടുത്തു പോരുന്നു.
റെക്കോഡിംഗിനായി എറണാകുളത്തെ സ്റ്റുഡിയോയിൽ പെൺകുട്ടിയും അച്ഛനുമെത്തി.. ആ പെൺകുട്ടിയുടെ പാട്ട് ജീവിതത്തിൽ രഞ്ജിനിയുടെ ആദ്യ കാസറ്റ് വഴിത്തിരിവായി.. വിവിധ ഭാഷകളിൽ ആ മധുര ശബ്ദം അനുവാചകരെ തേടിയെത്തി.. ഇന്നും തേടിയെത്തുന്നു..
കെ.എസ് ചിത്ര..
Discussion about this post