തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യനയത്തെ രൂക്ഷമായി വിമർശിച്ച് കത്തോലിക്ക സഭ. വരുമാനം കണ്ടെത്തുന്നതിനുള്ള കുറുക്കുവഴിയായാണ് സർക്കാർ മദ്യനിർമ്മാണത്തെയും വിൽപ്പനയെയും കാണുന്നത് എന്ന് കെസിബിസി വിമർശിച്ചു. സംസ്ഥാനത്ത് ലഹരിയെ തുടർന്നുള്ള അനിഷ്ടസംഭവങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ആണ് സർക്കുലറുമായി കെസിബിസി രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ന് മദ്യവിരുദ്ധ ഞായറായി സഭ ആചരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.
നാടിനെ മദ്യലഹരിയിൽ മുക്കിക്കൊല്ലാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. സർക്കാരുകൾ വരുമാനത്തിനുള്ള കുറുക്കുവഴിയായി മദ്യ നിർമ്മാണത്തെയും വിൽപ്പനയെയും കാണുന്നു. ഐടി പാർക്കുകളിൽ പബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നൽകാനുമുളള നീക്കം ഇതിന് ഉദാഹരണം ആണ്. സർക്കാരിൻറെ ലഹരി വിരുദ്ധ പദ്ധതികൾ ഫലം കാണുന്നില്ലെന്നും കെസിബിസി കുറ്റപ്പെടുത്തി.
ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ന് മദ്യവിരുദ്ധ ഞായർ ആഘോഷിക്കുന്നത്. വിശ്വാസികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകുന്നതിൻറെ ഭാഗമായി ഇന്നത്തെ കുർബാനയ്ക്കിടയിൽ പ്രത്യേക സർക്കുലറും വായിക്കുമെന്നും കെസിബിസി അറിയിച്ചു.
Discussion about this post