കേരള കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ പഴങ്ങളിൽ നിന്ന് നിർമിക്കുന്ന ‘നിള’ വൈൻ വിപണിയിലേക്ക്. തദ്ദേശീയമായി നിർമ്മിച്ച നിള ബ്രാൻഡ് വൈൻ ഒരു മാസത്തിനുള്ളിൽ വിപണിയിലെത്തും. സംസ്ഥാന ബിവറേജസ് കോർപറേഷൻ വഴി മാത്രമേ ചട്ടം പ്രകാരം ഇവ വിൽക്കാൻ കഴിയൂ. തുടക്കത്തിൽ ബെവ്കോയുടെ തിരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ ഇവ ലഭ്യമാകും. 750 മില്ലീലിറ്റർ വൈനിന് 1000 രൂപയിൽ താഴെയായിരിക്കും വില എന്നാണ് വിവരം. വെള്ളാനിക്കരയിലെ കാർഷിക കോളേജിന് കീഴിലുള്ള പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി വകുപ്പാണ് വൈൻ ഉത്പന്നങ്ങളുടെ ഗവേഷണവും നിർമാണവും നടത്തുന്നത്. കോളേജ് കാമ്പസിലാണ് ഉത്പാദന യൂണിറ്റ് സ്ഥിതി ചെയ്യുന്നത്.
നിള ബ്രാൻഡിന് കീഴിൽ ആദ്യഘട്ടത്തിൽ പുറത്തിറക്കുന്ന മൂന്ന് തരം വൈനുകളുടെ ലേബലുകൾക്ക് ചൊവ്വാഴ്ച എക്സൈസ് വകുപ്പ് അംഗീകാരം നൽകി. നിള കാഷ്യു ആപ്പിൾ വൈൻ, നിള പൈനാപ്പിൾ വൈൻ, നിള ബനാന വൈൻ എന്നിവയുടെ ലേബലുകൾക്കാണ് അനുമതി ലഭിച്ചത്.
കശുമാങ്ങയിൽ നിന്നാണ് കാഷ്യൂ ആപ്പിൾ വൈൻ നിർമിക്കുന്നത്. 14.5 ശതമാനമാണ് ഇതിലെ ആൽക്കഹോളിന്റെ അളവ്. കേരളത്തിന്റെ സ്വന്തം പാളയംകോടൻ വാഴപ്പഴത്തിൽ നിന്നാണ് നിള ബനാന വൈൻ നിർമിക്കുന്നത്. നേരിയ അസിഡിക് സ്വഭാവവും സുഗന്ധവും മൃദുവായ ഘടനയോടും കൂടിയതാണ് പാളയംകോടൻ പഴം. അടുത്തിടെ ജിഐ ടാഗ് ലഭിച്ച മൗറീഷ്യസ് ഇനത്തിൽപെട്ട കൈതച്ചക്കയിൽ നിന്നാണ് നിള പൈനാപ്പിൾ വൈൻ നിർമിക്കുന്നത്. ഇവ രണ്ടിലും 12.5 ശതമാനമാണ് ആൽക്കഹോളിന്റെ അളവ്.
ഏഴ് തരത്തിലുള്ള വൈനുകളാണ് പുറത്തിറക്കാൻ ഉദ്ദേശിക്കുന്നതെന്ന് വകുപ്പ് മേധാവി ഡോ. സജി ഗോമസ് വ്യക്തമാക്കി. ചക്ക, തേങ്ങാവെള്ളം, ഞാവൽ, ജാതിക്ക തൊണ്ട് എന്നിവയിൽ നിന്ന് വൈൻ തയ്യാറാക്കാൻ പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു
Discussion about this post