മാളികപ്പുറം എന്ന ഒരൊറ്റ ചിത്രം മതി അഭിലാഷ് പിള്ളയെന്ന തിരക്കഥാകൃത്തിനെ മലയാളികൾക്ക് ഓർക്കാൻ. നെറ്റ് ഡ്രൈവ്,കഡാവർ,പത്താംവളവ്,ആനന്ദ് ശ്രീബാല എന്നീ പ്രേക്ഷക പ്രീതിയാർജ്ജിച്ച ചിത്രങ്ങളും അഭിലാഷ് പിള്ളയുടെ കരിയർ അക്കൗണ്ടിലുണ്ട്. നിലവിൽ സുമതിവളവ് എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ മുഴുകിയിരിക്കുകയാണ് താരം.
സിനിമയെന്ന തന്റെ എക്കാലത്തെയും സ്വപ്‌നം യാഥാർത്ഥ്യമാക്കാനായി തരക്കേടില്ലാത്ത വരുമാനം ലഭിച്ചിരുന്ന ഐടി പ്രൊഫഷൻ ഉപേക്ഷിച്ചതെല്ലാം അദ്ദേഹം പലപ്പോഴായി ആരാധകരോടായി പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ജോലിയിൽ രാജിവച്ച സമയത്ത് തനിക്കുണ്ടായ അനുഭവം സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. ജീവിതത്തിലെ ചില മറക്കാൻ പറ്റാത്ത അനുഭവങ്ങൾ’ എന്ന തലക്കെട്ടോടെ സ്‌കൂൾ അഡിമിഷൻ ഫോമും മകളോടൊപ്പമുള്ള ചിത്രങ്ങളും ചേർത്താണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
ജീവിതത്തിലെ ചില മറക്കാൻ പറ്റാത്ത അനുഭവങ്ങൾ. ഈ ഫോമിനും എനിക്കും ഒരു 6 വർഷത്തെ ബന്ധമുണ്ട്, കൃത്യമായി പറഞ്ഞാൽ 2019 മാർച്ചിൽ മൂത്ത മകൾ വൈഗയെ ഒന്നാം ക്ലാസ്സിൽ ചേർക്കാനായി ഭവൻസ് സ്‌കൂളിൽ പോകുന്നു സിനിമക്ക് വേണ്ടി ഇൻഫോംപാർക്കിലെ ജോലി രാജി വെച്ച് ഇറങ്ങിയിട്ട് അന്ന് ഏകദേശം 5 വർഷം കഴിഞ്ഞിരുന്നു. സിനിമ ചെയ്യുമെന്ന പ്രതീക്ഷയൊക്കെ നശിച്ചിരുന്നു. സ്‌കൂളിൽ നിന്നും ഈ ഫോം പൂരിപ്പിക്കാൻ തന്നപ്പോൾ ഞാൻ ഒന്ന് ടെൻഷൻ ആയി. കാരണം എന്റെ ജോലിയുടെ സ്ഥാനത്തു എഴുതാൻ എനിക്ക് ഒരുത്തരമില്ലാരുന്നു, എന്നും രാവിലെ തിരക്കഥയുമായി ലൊക്കേഷനുകൾ കയറി ഇറങ്ങുന്ന കാലമായിരുന്നു അത്, രണ്ടും കൽപ്പിച്ചു ജോലിയുടെ സ്ഥാനത്ത് തിരക്കഥാകൃത്ത് എന്നെഴുതുമ്പോൾ കണ്ണ് നിറഞ്ഞത് ആരും കാണാതെ ഇരിക്കാൻ ഞാൻ ശ്രമിച്ചു.
ആ സമയവും വൈഗമോൾ എന്നെ തന്നെ ചേർന്നു നിൽക്കുന്നുണ്ടാരുന്നു. ഫോം പരിശോധിച്ച അന്നത്തെ സ്‌കൂൾ പ്രിൻസിപ്പൽ എന്നോട് ഏതു സിനിമയാണ് ചെയ്തത് എന്ന് ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ട് ധൈര്യമായി ഞാൻ പറഞ്ഞു; ‘സിനിമ ഒന്നും ചെയ്തിട്ടില്ല. പക്ഷെ എന്റെ മകൾ ഈ സ്‌കൂളിൽ നിന്നും പഠിച്ചിറങ്ങുന്നതിനു മുന്നേ ഒരു സിനിമയെങ്കിലും ഞാൻ ചെയ്യു’മെന്ന്. അന്നാ സ്‌കൂളിൽ നിന്നും വൈഗയുടെ കൈ പിടിച്ചു പുറത്ത് ഇറങ്ങിയപ്പോൾ അവളോടും ഞാൻ പറഞ്ഞു അച്ഛന്റെ സിനിമ നടക്കുമെന്ന്. വർഷങ്ങൾക്ക് ശേഷം ഇന്ന് ഇളയ മകൾ മീനാക്ഷിയെ അതേ സ്‌കൂളിൽ ചേർക്കാൻ ചെന്നപ്പോൾ വീണ്ടും ഫോം പൂരിപ്പിക്കാൻ തന്നു. പക്ഷെ ഇത്തവണ അത് പൂരിപ്പിക്കുമ്പോൾ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു. കാരണം എന്റെ വൈഗമോൾ അവിടെ ഓടി നടന്നു അഭിമാനത്തോടെ അച്ഛന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ ടീച്ചറുമാരോട് പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു. എന്നെ ചേർന്നു നിന്ന മീനാക്ഷിയെ നോക്കിയൊന്നു ചിരിച്ചിട്ട് ധൈര്യമായി ആ ഫോമിലെ ജോലിയുടെ സ്ഥാനത്തു ഞാൻ എഴുതി ‘തിരക്കഥാകൃത്ത്’. എന്നായിരുന്നു അഭിലാഷ് പിള്ളയുടെ കുറിപ്പ്.
Discussion about this post