കൊച്ചി; നഗരത്തിലെ കൊതുക് ശല്യത്തിന് ശമനം വരാനായി കൊച്ചി കോർപ്പറേഷൻ ഇത്തവണ ബജറ്റിൽ നീക്കിവച്ചത് 12 കോടിരൂപ.കഴിഞ്ഞ രണ്ട് ബജറ്റുകളിലും 20 കോടി രൂപയാണ് കൊതുകു നിയന്ത്രണത്തിനു നീക്കിവച്ചത്. 2025-26 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് പ്രഖ്യാപനം
എറണാകുളം ജില്ലയിൽ, പ്രത്യേകിച്ച് കൊച്ചി നഗരത്തിൽ ക്യൂലക്‌സ് കൊതുകുകളുടെ സാന്ദ്രത ഉയർന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മണിക്കൂറിൽ 50 മുതൽ 70 വരെയാണ് കൊച്ചി നഗരത്തിലെ ക്യൂലക്‌സ് കൊതുകുകളുടെ സാന്ദ്രത. 10ന് മുകളിൽ മാൻ അവർ ഡെൻസിറ്റി (എംഎച്ച്ഡി) എത്തുന്നത് ആശങ്കാജനകമാണെന്നാണ് റിപ്പോർട്ട്. ഒക്ടോബർ – നവംബർ കാലയളവിൽ ഇത് 40 എംഎച്ച്ഡിക്കും താഴെയായിരുന്നു. മഴ കുറഞ്ഞതും ഈർപ്പം കൂടിയതും മൂലം ഈ വർഷം ആദ്യം 83 എംഎച്ച്ഡിയിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് ആരോഗ്യവൃത്തങ്ങൾ പ്രവചിച്ചിരുന്നു. കൊച്ചിയിലെ അന്തരീക്ഷ താപനില ഏകദേശം 30 ഡിഗ്രി സെൽഷ്യസായി തുടരുന്നത് ക്യൂലക്‌സ് കൊതുകുകളുടെ പ്രജനനത്തിന് ഗുണമാകുമെന്നാണ് റിപ്പോർട്ട്. പകൽ സമയം ഇരുട്ട് മുറികളിലും ഇരുണ്ട വസ്ത്രങ്ങളിലും തമ്പടിക്കുന്ന കൊതുകുകൾ രാത്രി എട്ടുമണിക്ക് ശേഷമാണ് ശല്യക്കാരാകുന്നത്. ആഗോളതലത്തിൽ ഇത്തരത്തിലുള്ള കൊതുകുകളാണ് വൈറസ് വ്യാപനത്തിന് ഇടയാക്കുന്നതെന്നാണ് റിപ്പോർട്ട്.
നേരത്തെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ഫോഗിങ് മെഷീനുകളോട് കൂടിയ 10 ഇലക്ട്രിക് ഓട്ടോറിക്ഷകൾ കൊച്ചി കോർപ്പറേഷേൻ വാങ്ങിയിരുന്നു. കോർപറേഷന് കീഴിലുള്ള 11 ഹെൽത്ത് സർക്കിളുകളിൽ രണ്ട് ഓട്ടോറിക്ഷ വീതം വിന്യസിച്ച് ആഴ്ചയിൽ ഫോഗിങ് നടത്താൻ അധികൃതർ തീരുമാനിച്ചിരുന്നു. കൊതുകു പ്രജനനം കണ്ടെത്താൻ ജിഐഎസ് സാങ്കേതിക വിദ്യ, ലാബ്, പുതുച്ചേരിയിലെ വെക്ടർ കൺട്രോൾ റിസർച്ചിന്റെ സേവനം തുടങ്ങി കൊതുകിനെ തുരത്താനുള്ള സ്ഥിരം പല്ലവികളും ബജറ്റിലുണ്ട്.
Discussion about this post