പ്രായമായാലും ആരോഗ്യത്തോടുകൂടി ജീവിക്കുവാൻ കഴിക്കുന്ന ഭക്ഷണമാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ഒരു ലക്ഷത്തിലധികം ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് കഴിഞ്ഞ മുപ്പത് വർഷമായി നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണത്തിൻറെ ഫലമാണ് പുറത്ത് വന്നത്. അമേരിക്കയിലെ ഹാർവാഡ് സർവ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. നാച്വർ മെഡിസിൻ എന്ന ജേണലിലാണ് ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്.
കഴിക്കുന്ന ഭക്ഷണത്തിൻറെയും, പ്രായമേറുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങളുടെയും കണക്കുകൾ ശേഖരിച്ച് 1986 മുതൽ നടക്കുന്ന നഴ്സസസ് ഹെൽത് സ്റ്റഡി, ഹെൽത്ത് പ്രൊഫഷണൽസ് ഫോളോ അപ് സ്റ്റഡി എന്നീ ഗവേഷണങ്ങളുടെ ഫലങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
എല്ലാവർക്കും യോജിക്കുന്ന ഒരു പ്രത്യേക ഭക്ഷണരീതി ഒന്നും പറയാനാകില്ല. എങ്കിലും പച്ചക്കറികൾ, പഴങ്ങൾ , പരിപ്പുവർഗ്ഗങ്ങൾ, പയറുവർഗ്ഗങ്ങൾ, തവിട് കളയാത്ത ധാന്യങ്ങൾ, അപൂരിത കൊഴുപ്പുകൾ( ഒലിവ് ഓയിൽ, മത്തി,സാൽമൺ പോലെയുള്ള കൊഴുപ്പുള്ള മത്സ്യങ്ങൾ, വാൽനട്ട് പോലെയുള്ള പരിപ്പുകൾ) ഇവയൊക്കെ പൊതുവെ അസുഖംവരാതെ ശരീരത്തെ സംരക്ഷിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. അതേ സമയം പ്രൊസസ്ഡ് ഫുഡ്സ്, പഞ്ചസാര, മദ്യം,റെഡ് മീറ്റ്, വനസ്പതി, ഡാൾഡ എന്നിവപോലെയുള്ള ട്രാൻസ് കൊഴുപ്പുകൾ, സോഡിയം കലർന്ന ഭക്ഷണവസ്തുക്കൾ, (ഉപ്പ്, സോഡാപൊടി) എന്നിവ പ്രായമാകുമ്പോൾ അസുഖങ്ങൾ ക്ഷണിച്ചുവരുത്തും എന്നും ഗവേഷണം തെളിയിക്കുന്നു.
കാലങ്ങളായി ഗവേഷകർ പറയുന്ന കാര്യങ്ങളാണ് ഇതെങ്കിലും ഇത്രയും വ്യക്തമായ തെളിവുകൾ ആദ്യമായാണ് പുറത്തുവരുന്നത്. സസ്യാഹാരം കൂടുതൽ കഴിക്കുകയും മാംസാഹാരം കുറയ്ക്കുകയും ചെയ്താൽ ആരോഗ്യകരമായി തന്നെ ജീവിക്കാം എന്നാണ് പഠനം വിരൽചൂണ്ടുന്നത്. പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ കൂടുതലായി ഉൾപ്പെടുത്തിയ ഭക്ഷണങ്ങൾ കഴിക്കുന്നവർക്ക് പ്രായാധിക്യത്തിൻറെ അസുഖങ്ങൾ ഇല്ലാതിരിക്കാൻ 2.2 ഇരട്ടിയോളം സാധ്യതയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
Discussion about this post