ശ്രീനഗർ: ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ പരിശോധന നടത്തി പോലീസ്. സോപോർ, ശ്രീനഗർ എന്നീ പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിലായിരുന്നു പരിശോധന. പല നിർണായക രേഖകളും പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മൂന്ന് എഫ്‌ഐആറുകൾ എൻഐഎ രേഖപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. നിരോധിത സംഘടനകളായ ജമ്മു കശ്മീർ മുസ്ലീം കോൺഫറൻസ് ( ഭട്ട് ഗ്രൂപ്പ്) ജമ്മു കശ്മീർ മുസ്ലീം ലീഗ് ( മസ്രത് അലം ഗ്രൂപ്പ് ), ജമ്മു കശ്മീർ ഡെമോക്രാറ്റിക് ഫ്രീഡം പാർട്ടി ( ഷാബിർ ഷാ ഗ്രൂപ്പ്) എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആയിരുന്നു പരിശോധന.
എഫ്‌ഐആർ നമ്പർ 04/2024 പ്രകാരം പ്രൊഫസർ അബ്ദുൾ ഗാനി ഭട്ടിന്റെ സോപോരിലും ശ്രീനഗറിലും ഉള്ള വസതികളിലും സ്ഥാപനങ്ങളിലും പോലീസ് എത്തി. ഇതിന് പുറമേ ഇതേ കേസിൽ ഷാബിർ അഹമ്മദ് ഷായുടെ വീട്ടിലും വസതികളിലും പരിശോധന നടത്തി.
എഫ്‌ഐആർ നമ്പർ 03/2024 പ്രകാരം ശ്രീനഗറിലെ ആറ് പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. മസ്രത് അലം ഭട്ട്, മുഷ്താഖ് അഹമ്മദ് ഭട്ട്, ഗുലാം നബി വാഗൈ, ഫിറോസ് അഹമ്മദ് ഖാൻ, മുഹമ്മദ് നാസിർ ഖാൻ, ഹക്കീം അബ്ദുൾ റാഷിദ്, ജാവൈദ് അഹമ്മദ് മുൻഷി എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. എൻഐഎ ആക്ട് പ്രകാരം പ്രത്യേക ജഡ്ജിയുടെ അനുമതി വാങ്ങിയതിന് പിന്നാലെ ആയിരുന്നു പോലീസ് സംഘം വിവിധ സ്ഥലങ്ങളിൽ എത്തിയത്.
ജമ്മു കശ്മീരിൽ നിന്നും ഭീകരവാദ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധനയെന്ന് പോലീസ് വ്യക്തമാക്കി. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ ശക്തമായ നിയമ നടപടി സ്വീകരിക്കും. ഭീകരവാദ പ്രവർത്തനങ്ങൾ ചെറുക്കുന്നതിൽ കശ്മീർ പോലീസ് എല്ലായ്‌പ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും പോലീസ് അറിയിച്ചു.
Discussion about this post