തിരുവനന്തപുരം: അമേരിക്കയിലേക്കുള്ള യാത്രയ്ക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്. തനിക്ക് നേരെയുണ്ടായത് അസാധാരണ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ലബനനിൽ യാക്കോബായ സഭ അദ്ധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത ശേഷം അമേരിക്കയിലേക്ക് പോകാൻ ആയിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ അമേരിക്കയിലേക്കുള്ള യാത്രയ്ക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു. ഇതോടെ കേരളത്തിന്റെ അവസരം ആണ് നഷ്ടപ്പെട്ടത്. പബ്ലിക് അഡ്മിനിസ്‌ട്രേഷൻ അംഗീകാരം ലഭിക്കുന്നത് ചരിത്രത്തിൽ തന്നെ ആദ്യമാണ്. ഇത് രാജ്യത്തിനും സംസ്ഥാനത്തിനും അഭിമാനകരമാണെന്നും യാത്രയ്ക്ക് അനുമതി നിഷേധിച്ച സാഹചര്യത്തിൽ പ്രബന്ധം ഓൺലൈൻ ആയി അവതരിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു രാജീവിന്റെ അമേരിക്കൻ യാത്ര. മാർച്ച് 28 മുതൽ ഏപ്രിൽ 1വരെ വാഷിംഗ്ടൺ ഡിസിയിലാണ് സമ്മേളനം. അനുമതി നിഷേധിച്ച സാഹചര്യത്തിൽ ലെബനനിലെ പരിപാടിയ്ക്ക് ശേഷം രാജീവ് സംസ്ഥാനത്തേയ്ക്ക് മടങ്ങിയെത്തും.
Discussion about this post