ന്യൂഡൽഹി: ഇന്ന് രാവിലെ മ്യാൻമറിലും തായ്‌ലൻഡിലുമുണ്ടായ ഉണ്ടായ ഭൂകമ്പങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം ഉറപ്പുനൽകി.
മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ഭൂകമ്പത്തെത്തുടർന്നുള്ള സ്ഥിതിഗതികളിൽ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണ്. മ്യാൻമറിലും തായ്‌ലൻഡിലും സർക്കാരുകളുമായി ബന്ധൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു.
തുടർച്ചയായി ഉണ്ടായ രണ്ട് ഭൂചലനത്തിൽ രാജ്യം ഞെട്ടിയിരിക്കുകയാണ് മ്യാൻമർ. ദുരന്തത്തിൽ 25 ലേറെ പേർ മരിച്ചതായാണ് വിവരം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50 ന് (പ്രാദേശിക സമയം) മധ്യ മ്യാൻമറിലാണ് 7.7, 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ഉണ്ടായത്. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്.
മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയിൽ ഒരു പള്ളി തകർന്നുവീണ് നിരവധി പേരെ കാണാനില്ല. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മരണ സംഖ്യ ഉയരാൻ സാധ്യതയുള്ളതായി പ്രാദേശിക ഭരണകൂടം അറിയിച്ചു.ഭൂകമ്പത്തെത്തുടർന്ന് മ്യാൻമറിന്റെ ആറിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭൂകമ്പങ്ങളുടെ പശ്ചാത്തലത്തിൽ, മ്യാൻമർ ഭരണകക്ഷിയായ സൈനിക ഭരണകൂടം അന്താരാഷ്ട്ര മാനുഷിക സഹായത്തിനായി അഭ്യർത്ഥന നടത്തിയിട്ടുണ്ട്.
മ്യാൻമറിലെ ഭൂകമ്പത്തിന്റെ പ്രത്യാഘാതങ്ങൾ തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലും അനുഭവപ്പെട്ടു. ബാങ്കോക്കിലെ ചതുചക് മാർക്കറ്റിൽ നിർമാണത്തിലിരുന്ന ഒരു കെട്ടിടം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നു.
Discussion about this post