തൃശൂർ: ചാലക്കുടിയിൽ ഭീതി പടർത്തിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനംവകുപ്പ്. കണ്ണമ്പുഴ ക്ഷേത്ര പറമ്പിലാണ് കൂട് സ്ഥാപിച്ചത്. ഏറ്റവും അവസാനമായി പുലിയെ കണ്ട വീട്ടിൽ നിന്നും നാന്നൂറ് മീറ്റർ അകലെയായി ക്ഷേത്ര പറമ്പിലാണ് കൂട് സ്ഥാപിച്ചത്. ഇവിടെ നിരീക്ഷണവും കർശനമാണ്. ഉടൻ തന്നെ ഇവിടെ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം നടത്താനാണ് ആലോചന.
ആർആർടി പ്രവർത്തകർ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് മേഖലയിൽ നിരീക്ഷണം നടത്തുന്നുണ്ട്. 18, 20, 22, 23 വാർഡുകളിലാണ് നിരീക്ഷണം. ഇന്ന് രാവിലെ ഉദ്യോഗസ്ഥർ പുഴയിലും പരിശോധന നടത്തി.
കണ്ണംമ്പുഴ ക്ഷേത്രത്തിന് സമീപം ഐനിക്കാട് മഠത്തിൽ രാമനാരായണന്റെ വീട്ടിലെ സിസിടിവി കാമറയിലാണ് കഴിഞ്ഞ ദിവസം പുലിയുടെ ദൃശ്യങ്ങൾ കണ്ടത്. കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു സംഭവം. വീടിന് മുൻപിലൂടെ പുലി ഓടി പോകുന്ന ദൃശ്യങ്ങളാണ് കണ്ടത്. ഉടനെ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. എത്തിയത് പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചതോടെ പിടികൂടുന്നതിനുള്ള നടപടി ആരംഭിക്കുകയായിരുന്നു. ഇതിനിടെ ഇതിനിടെ സിഎംഐ പബ്ലിക് സ്‌കൂളിന് സമീപത്ത് നിന്നും പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുലി മേഖലയിൽ തന്നെയുണ്ടെന്ന നിഗമനത്തിലാണ് വനംവകുപ്പ്. അടുത്തിടെയായി ഇവിടെ നിന്നും തെരുവ്‌നായ്ക്കൾ അപ്രത്യക്ഷമായിരുന്നു. ഇത് പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നതാണെന്നാണ് വനംവകുപ്പ് പറയുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
Discussion about this post