പത്തനംതിട്ട: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ആൺ സുഹൃത്തായ മലപ്പുറം സ്വദേശിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് മധുസൂദനൻ. മേഘയെ മലപ്പുറം സ്വദേശി സുകാന്ത് സാമ്പത്തികമായി വളരെയധികം ചൂഷണം ചെയ്തിരുന്നു. ശമ്പളം മുഴുവൻ മലപ്പുറം സ്വദേശിയുടെ അക്കൗണ്ടിലേക്കാണ് മകൾ അയച്ചുകൊടുത്തിരുന്നത്. മരിക്കുമ്പോൾ 80 രൂപ മാത്രമേ അക്കൗണ്ടിൽ ഉണ്ടായിരുന്നുള്ളൂവെന്നും മധുസൂദനൻ വ്യക്തമാക്കി.
മേഘയുടെ മരണ ശേഷം ബാങ്ക് അക്കൗണ്ടിലെ വിവരങ്ങൾ രേഖാമൂലം എടുത്തിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ഞെട്ടിയത്. ഒരു ലക്ഷം രൂപയോളമാണ് മേഘയുടെ ശമ്പളം. എന്നാൽ ഈ പണം മുഴുവൻ സുകാന്തിനാണ് നൽകിയിരുന്നത്. ആവശ്യം വരുമ്പോൾ 500 ഓ 1000 ഓ അയാൾ നൽകും. ഫെബ്രുവരിയിലെ ശമ്പളവും സുകാന്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയിരുന്നുവെന്നും പിതാവ് പറഞ്ഞു.
മരിക്കുന്നതിന് മുൻപ് വരെ മേഘ കടുത്ത സാമ്പത്തിക ചൂഷണത്തിന് ഇരയായി എന്നാണ് പുറത്തുവരുന്ന വിവരം. ഭക്ഷണം കഴിക്കാൻ പോലും കാശില്ലാത്ത അവസ്ഥ മേഘയ്ക്ക് ഉണ്ടായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. പലപ്പോഴും മേഘ സങ്കടത്തിൽ ആയിരുന്നു. ഭക്ഷണം കഴിക്കാൻ വിളിച്ചാൽ വരില്ല. പണം ഇല്ലെന്ന് പറയും. പിറന്നാളാഘോഷിക്കാൻ പണം ഇല്ലാത്തതിനാൽ ആഘോഷം വേണ്ടെന്ന് പറഞ്ഞു. മേഘയ്ക്ക് തങ്ങളാണ് കേക്കും മറ്റും വാങ്ങി നൽകിയത് എന്നും സുഹൃത്തുക്കൾ വ്യക്തമാക്കുന്നു.
സുകാന്ത് വിവാഹത്തിൽ നിന്നും പിൻമാറിയതിന്റെ വിഷമത്തിലാണ് മേഘ ആത്മഹത്യ ചെയ്തത് എന്നാണ് വിവരം. ഒരുമിച്ച് പരിശീലനത്തിനായി ജോധ്പൂരിലേക്ക് പോയ സമയത്താണ് സുകാന്തിനെ മേഘ പരിചയപ്പെടുന്നത്. തുടർന്ന് സൗഹൃദം പ്രണയമാകുകയായിരുന്നു.
Discussion about this post