തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വേനൽമഴ കനക്കുന്നു. ബുധനാഴ്ചയോടെ സംസ്ഥാനത്ത് ശക്തമായ മഴ അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ബുധനാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ രീതിയിൽ വേനൽ മഴ ലഭിക്കും. അടുത്ത ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി മഴ ലഭിക്കും. ബുധനാഴ്ചയോടെ മഴ ശക്തിപ്രാപിക്കും. പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ കിട്ടും. എങ്കിലും പകൽ താപനിലയിൽ വലിയ മാറ്റമുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നുണ്ട്.
മാർച്ച് മാസം അവസാനം ആകുമ്പോൾ അതിശക്തമായ ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. പല ജില്ലകളിലും 40 ഡിഗ്രിയ്ക്ക് അടുത്താണ് താപനില രേഖപ്പെടുത്തുന്നത്. ഇന്നലെ പാലക്കാട് സ്റ്റേഷനിലാണ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 38.7 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്.
ഉഷ്ണ തരംഗത്തിന് സംസ്ഥാനത്ത് സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ മുഖ്യമന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങൾക്ക് അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post