എമ്പുരാൻ സിനിമയെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കി നടൻ വിവേക് ഗോപൻ. മതേതര ജനാധിപത്യ ബോധമുള്ളവർ എന്ന് അവകാശപ്പെടുന്ന പൃഥ്വിരാജ് അടക്കമുള്ളവർ ഗോദ്ര സംഭവവും ഗുജറാത്ത് കലാപവും ഒന്നുപോലെ കാണിക്കാൻ തയ്യാറാകേണ്ടതല്ലേ എന്ന് വിവേക് ഗോപൻ ചോദ്യമുന്നയിക്കുന്നു. ചിത്രം നീതിപൂർവ്വം സെൻസർ ചെയ്യാതെ വിട്ടത് സെൻസർ ബോർഡിന്റെ ഭാഗത്തുനിന്നും ഉണ്ടായ നീതികേട് ആണ്. കുറച്ചുകാലം സെൻസർ ബോർഡ് അംഗമായി പ്രവർത്തിച്ച വ്യക്തിയെന്ന നിലയിൽ പ്രതിഷേധം അറിയിക്കാനാണ് ഈ കുറിപ്പ് പങ്കുവെക്കുന്നത് എന്നും വിവേക് ഗോപൻ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചു.
വിവേക് ഗോപൻ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം,
ഞാൻ ആദ്യദിനം തന്നെ ഒരു റിവ്യൂവിന്റെയും പിൻബലം ഇല്ലാതെ എമ്പുരാൻ കണ്ടു.
“സിനിമയെ സിനിമയായി കാണണം, ഇത് ആവിഷ്കാര സ്വാതന്ത്ര്യം ആണ്”. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രത്തിന്റെ ഉള്ളടക്കം ചർച്ചയാകുമ്പോൾ കേൾക്കുന്ന വാക്യമാണിത്.. അതെ സിനിമയെ സിനിമയായി കാണണം..പക്ഷേ..
സാങ്കൽപ്പിക കഥകൾ സിനിമയായി വരും പോലെയല്ല ചരിത്ര സംഭവങ്ങൾ അഭ്രപാളിയിൽ എത്തുമ്പോൾ. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഭഗത് സിംഗ് പങ്കെടുത്തിട്ടില്ല എന്ന് വരുത്തി തീർക്കുന്ന സിനിമയുമായി ആരെങ്കിലും വന്നാൽ സാമാന്യബോധമുള്ള ജനതയ്ക്ക് അത് അംഗീകരിക്കാൻ കഴിയില്ല.. അതുപോലെ ഗോദ്ര ഇല്ലെങ്കിൽ ഗുജറാത്ത് ഇല്ല എന്നതും വസ്തുതയാണ്..അല്ലെങ്കിൽ ഗോദ്ര സംഭവവും ഗുജറാത്ത് കലാപവും ഒന്നുപോലെ കാണിക്കാൻ മതേതര ജനാധിപത്യ ബോധമുള്ളവർ എന്ന് അവകാശപ്പെടുന്ന പൃഥ്വിരാജ് അടക്കമുള്ളവർ തയ്യാറാകേണ്ടതല്ലേ? ഗോദ്രയെ മറന്ന് ഗുജറാത്ത് മാത്രം കാണിക്കുന്നത് അത് അത്ര നിഷ്കളങ്കമാണെന്നും ഈ ചരിത്രം അറിയാത്ത ആളാണ് പൃഥ്വിരാജ് എന്നും പറയാൻ കഴിയില്ല..ഈ സിനിമയിലെ വില്ലൻ കഥാപാത്രത്തിന് ബജരംഗി എന്ന പേര് നൽകിയതും യാദൃശ്ചികം അല്ല.ഭാരതത്തിന്റെ ഭരണ യന്ത്രം തിരിക്കുന്നവരെ ഉൾപ്പെടെ തേജോവധം ചെയ്യുകയും ശാന്തമായി നിലനിന്നു പോകുന്ന ഈ രാഷ്ട്രത്തിന്റെ മാനസികാവസ്ഥയെ അസ്ഥിരപ്പെടുത്താനുമാണ് ഇത് വളച്ചൊടിച്ചത് എന്ന് ആരെങ്കിലും സ്വാഭാവികമായും സംശയിച്ചാൽ കുറ്റം പറയാൻ ആകുമോ? ജിഹാദ് ടെറർ ഗ്രൂപ്പിൽ നിന്നു പരിശീലനം സിദ്ധിച്ചു വന്ന ഒരാൾ രാജ്യസുരക്ഷയ്ക്ക് കാവലാളാകും എന്ന് വരുത്തുന്ന തരത്തിലുള്ള ഭീകരവാദത്തെ വെള്ളപൂശുന്ന ഭാഗം കൂടി ചിത്രീകരിച്ചിരിക്കുന്നത് നമുക്ക് ഇവിടെ കാണാം.ഇതിലൂടെ എന്ത് സന്ദേശമാണ് ഇവർ നൽകുന്നത്?പക്ഷേ ഇതിനൊക്കെ എതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തിയതും വളരെ ശ്രദ്ധേയമായി എടുത്തു പറയേണ്ടതാണ്.
* ടിപി 51 എന്ന സിനിമ എടുത്ത സംവിധായകന് പാതിരാത്രിയിൽ പിഞ്ചുകുഞ്ഞുങ്ങളുമായി താൻ താമസിച്ച വീട് വിട്ട് കണ്ണൂരിൽ നിന്ന് മാറി താമസിക്കേണ്ടി വന്നതുപോലെ പൃഥ്വിരാജിന് ഉണ്ടായില്ല
*ലെഫ്റ്റ് ആൻഡ് റൈറ്റ് സിനിമ പ്രദർശിപ്പിച്ചപ്പോൾ തിയറ്റർ കത്തിക്കാൻ ചിലർ ചെന്ന പോലെ ആരും ഇവിടെ തയ്യാറായില്ല.
*കേരള സ്റ്റോറി പ്രദർശന സമയത്ത് കാട്ടിയ ഗുണ്ടായിസം പോലെ ഒരു കാര്യത്തിനും ആരും മുതിർന്നില്ല.
* ചുരുക്കത്തിൽ പറഞ്ഞാൽ ചിലർ ആഗ്രഹിച്ച പോലെ ഇവിടെ കലാപം ഉണ്ടായില്ല.
സഹിഷ്ണുതയോടെ പ്രതിഷേധം രേഖപ്പെടുത്തി നിയമപരമായി നേരിട്ടു അതിൻറെ ഫലമായി തമ്പുരാന് 17 ഓളം കട്ടുകൾ ചെയ്യേണ്ടിവന്നു എങ്കിൽ
ചരിത്രത്തെ ഏകപക്ഷീയമായി വളച്ചൊടിച്ചു എന്ന ബോധ്യം ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഉണ്ടായി എന്നതല്ലേ സത്യം?
അങ്ങനെയെങ്കിൽ സ്ക്രിപ്റ്റ് കൃത്യമായി വായിച്ചിട്ടില്ല എന്ന് പറഞ്ഞിട്ടും മോഹൻലാൽ എന്ന വ്യക്തിത്വം സാമാന്യ മര്യാദയുടെ പേരിൽ ഇന്ത്യൻ പൗരൻ എന്ന നിലയിൽ പ്രകടിപ്പിച്ച ഖേദപ്രകടനം സത്യത്തിൽ ആദ്യം ചെയ്യേണ്ടത് എല്ലാകാര്യത്തിലും പ്രതികരിക്കുമെന്ന് അവകാശപ്പെടുന്ന പൃഥ്വിരാജ് അല്ലേ?
ഇതിനിടയിലും മറ്റൊരു കാര്യം വിസ്മരിച്ചു കൂടാ ഈ ചിത്രം സെൻസറിംഗിന് വന്നപ്പോൾ അതിനെ നീതിപൂർവ്വം സെൻസർ ചെയ്യാതെ അപ്പ്രൂവ് ചെയ്ത സെൻസർ ബോർഡ് ഈ സമൂഹത്തോട് കാട്ടിയത് അനീതി തന്നെയാണ്.കുറച്ചുകാലം സെൻസർ ബോർഡ് അംഗമെന്ന നിലയിൽ പ്രവർത്തിച്ച വ്യക്തിയെന്ന നിലയിൽ സെൻസർ ബോർഡിനോടുള്ള പ്രതിഷേധം കൂടിയാണ് ഈ കുറിപ്പ്.
ഒരു കലാപമായി മാറാൻ വരെ സാധ്യതയുണ്ടായിരുന്ന വിഷയത്തെ സമചിത്തതയോടെ കൈകാര്യം ചെയ്ത ഭൂരിപക്ഷ സമൂഹവും ജനാധിപത്യ പ്രതിഷേധത്തെ അതേ അർത്ഥത്തിൽ എടുത്ത ന്യൂനപക്ഷ സമൂഹവും ചേർന്ന് കലാപ സാധ്യതയെ നിഷ്പ്രഭമാക്കി എന്നതും വസ്തുതയാണ്..ഇതിലൂടെ ഒന്നും പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് അനുദിനം ഈ രാഷ്ട്രത്തെ കൈപിടിച്ച് നടത്തുന്ന നരേന്ദ്രമോദിജി, അമിത്ഷാ ജി ഉൾപ്പെടെയുള്ളവരുടെ നിശ്ചയദാർഢ്യം തെല്ലൊന്നുലയ്ക്കാനും സാധ്യമല്ല എന്ന് പറയാതെ വയ്യ..
ഏവർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ..
Discussion about this post