ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ആഗോളരാഷ്ട്രീയത്തിലെ പ്രാധാന്യമുള്ള നേതാവാണെന്ന് ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് ഫോണ്ട്. ഒരേസമയം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായും യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കിയുമായും സംസാരിക്കാൻ കഴിയുന്ന ഏക ലോകനേതാവ് നരേന്ദ്രമോദിയാണെന്നും ബോറിക് ഫോണ്ട് പറഞ്ഞു. ഏപ്രിൽ 1 മുതൽ 5 വരെ നീണ്ടു നിൽക്കുന്ന ഇന്ത്യ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.
ലോകസമാധാനത്തിനായി ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന നേതാവാണ് ഇന്ത്യൻ പ്രധാനമന്ത്രി. ലോകത്തുള്ള ഏത് നേതാവുമായും സംസാരിക്കാൻ കഴിയുന്ന ആളാണ് മോദി. ലാറ്റിൻ അമേരിക്കൻ ഭരണാധികാരികളുമായും ഇറാനുമായെല്ലാം ആശയവിനിമയം നടത്താൻ അദ്ദേഹത്തിനു കഴിയും. ഫോണ്ട് ചൂണ്ടിക്കാട്ടി. രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ വിരുന്നിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും ചിലിയുമായി സാംസ്കാരിക , സാമ്പത്തിക, രാഷ്ട്രീയ സൗഹൃദം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ചിലി പ്രസിഡന്റ് ഇന്ത്യയിലെത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള ചർച്ചകൾക്കു തുടക്കം കുറിക്കാൻ ഇരുനേതാക്കളും ധാരണയായി. ധാതുക്കൾ, ഊർജം, പ്രതിരോധം, ബഹിരാകാശം, കൃഷി തുടങ്ങിയ നിർണായക മേഖലകൾ സഹകരണത്തിനു വളരെയധികം സാധ്യതയുള്ളവയാണെന്നു വിലയിരുത്തിയ നേതാക്കൾ ഈ മേഖലകളെക്കുറിച്ചു ചർച്ച ചെയ്തു.
ചിലിയിൽ യോഗയുടെയും ആയുർവേദത്തിന്റെയും വർധിച്ചുവരുന്ന ജനപ്രീതി ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവിനിമയത്തിനു തെളിവാണെന്ന് ഇരുനേതാക്കളും ചൂണ്ടിക്കാട്ടി, വിദ്യാർഥിവിനിമയ പരിപാടികളിലൂടെയും മറ്റു സംരംഭങ്ങളിലൂടെയും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ബന്ധങ്ങൾ ആഴത്തിലാക്കേണ്ടതിന്റെ പ്രാധാന്യത്തിനും നേതാക്കൾ അടിവരയിട്ടു.
Discussion about this post