ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവിൻറെ വൻ ശേഖരമാണ് എക്സൈസ് പോലീസ് സംഘം ആലപ്പുഴയിൽ പിടികൂടിയത്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായ തസ്ലീമ സുൽത്താന എന്ന ക്രിസ്റ്റീനയെയും ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഫിറോസിനെയും എക്സൈസ് സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. വളരെ നിർണ്ണായകമായ മൊഴികളാണ് ഇവരിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചത്. മയക്കുമരുന്ന് ശൃംഖലകളും സിനിമാ മേഖലകളിലെ വ്യക്തികളും തമ്മിലുള്ള ബന്ധം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ എക്സൈസ് ഉദ്യോഗസ്ഥർ. നിരവധി മലയാള സിനിമാ താരങ്ങൾ ഇപ്പോൾ എക്സൈസിൻറെ നിരീക്ഷണത്തിലാണ്.
തസ്ലീമ സുൽത്തായെയും ഫിറോസിനെയും ഒന്നര കോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ആലപ്പുഴ ഓമനപ്പുഴയിലെ ഒരു റിസോർട്ടിൽ വെച്ച് അറസ്റ്റ് ചെയ്തത്. ക്രിമിനൽ കേസിൽ ഉൾപ്പെട്ട ചരിത്രമുള്ള തസ്ലീമ, മലയാളത്തിലെ ചില സിനിമാ താരങ്ങൾക്ക് കൊച്ചിയിൽ വെച്ചു തന്നെ മയക്കുമരുന്ന് വിതരണം ചെയ്തതായി മൊഴി നൽകിയിട്ടുണ്ട്. ബാക്കി സ്റ്റോക്കാണ് ആലപ്പുഴയിലേക്ക് കൊണ്ടുവന്നതെന്നും റിപ്പോർട്ടുണ്ട്.
സിനിമാ മേഖലയിലെ ഇടപെടലുകളെ പിന്തുണയ്ക്കുന്ന കൂടുതൽ ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തതായി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ്കുമാർ സ്ഥിരീകരിച്ചു. “ചില സിനിമാ വ്യക്തികളുടെ പങ്ക് സൂചിപ്പിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകളും മറ്റ് ഡിജിറ്റൽ രേഖകളും ഞങ്ങൾക്ക് ലഭിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം അവരുടെ പേരുകൾ വെളിപ്പെടുത്തും,” അദ്ദേഹം പറഞ്ഞു.
തായ്‌ലൻഡിൽ കൃഷി ചെയ്ത ഈ മരുന്ന് ബെംഗളൂരുവിൽ ആണ് എത്തിച്ചത്. അവിടെ നിന്നാണ് എറണാകുളത്ത് എത്തിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.വാടകയ്‌ക്കെടുത്ത കാറിലാണ് പ്രതികൾ ഇരുവരും തസ്ലീമയുടെ കുട്ടികളോടൊപ്പം ആലപ്പുഴയിലേക്ക് പോയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഉദ്യോഗസ്ഥർ റിസോർട്ടിൽ റെയ്ഡ് നടത്തി മയക്കുമരുന്ന് പിടിച്ചെടുക്കുകയായിരുന്നു.
കേസുമായി ബന്ധമുള്ള മറ്റുള്ളവരെ തിരിച്ചറിയുന്നതിനായി തസ്ലീമയുടെ മൊബൈൽ ഫോൺ അധികൃതർ പരിശോധിച്ചുവരികയാണ്. മയക്കുമരുന്ന് വ്യാപാരത്തിന് സിനിമാ മേഖലയ്ക്കുള്ളിൽ ഇവർക്ക് ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു. അഭിനയരംഗത്തേക്ക് വരാൻ ചെന്നൈയിലെത്തിയ ഒരു യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ തസ്ലീമയെ നേരത്തെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തിരുന്നു .ഇക്കാര്യവും സിനിമാ വ്യവസായവുമായുള്ള ഇവരുടെ ബന്ധത്തെ കൂടുതൽ ശക്തമാക്കുന്നു.
സൈക്കോട്രോപിക് മരുന്നായ എംഡിഎംഎയേക്കാൾ അപകടകരമാണ് ഹൈബ്രിഡ് കഞ്ചാവെന്ന് എക്സൈസ് സംഘം മുന്നറിയിപ്പ് നൽകി. സമീപകാലത്ത് നടന്ന എറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. വിതരണ ശൃംഖലയ്ക്കുള്ള സിനമാ ബന്ധങ്ങൾ തെളിയിക്കുന്നതിനായി സംശയമുള്ളവരെ ചോദ്യം ചെയ്യുമെന്നും എക്സൈസ് സംഘം അറിയിച്ചു. സർക്കിൾ ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.












Discussion about this post