ന്യൂഡൽഹി; നിർണായകമായ വഖഫ് ബിൽ ചർച്ചയിൽ വയനാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപി പ്രിയങ്കാ വാദ്രയുടെ അസാന്നിദ്ധ്യം സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. സഭയിൽ രാഹുൽ ഗാന്ധി സംസാരിക്കാത്തതും ഇതോടൊപ്പം ചേർത്താണ് സംഭവത്തിലെ ദൂരൂഹത എന്ന് സമൂഹമാദ്ധ്യമം ചർച്ചചെയ്യുന്നത്. സഭയിൽ എത്തണമെന്ന് മുഴുവൻ അംഗങ്ങൾക്കും കോൺഗ്രസ്, വിപ്പ് നൽകിയിട്ടും പ്രിയങ്ക ഗാന്ധി ഇന്നലെ ലോക്സഭയിൽ എത്തിയിരുന്നില്ല എന്നതാണ് ശ്രദ്ധേയം.
പ്രിയങ്ക ഗാന്ധി വിദേശത്ത് പോയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അസുഖബാധിതയായ ബന്ധുവിനെ കാണാൻ പോയതാണെന്നാണ് ഇതിനു നൽകുന്ന വിശദീകരണം. ഇക്കാര്യം എ.ഐ.സി.സി. അധ്യക്ഷനേയും, ലോക്സഭ സ്പീക്കറേയും അറിയിച്ചിരുന്നുവെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
അർദ്ധരാത്രിവരെ ലോകസഭയിൽ ബില്ലിൻമേലുള്ള ചർച്ച തുടർന്നു. പ്രധാനമായും കേരളത്തിൽ നിന്നുള്ള കോൺഗ്രസ് ഇടത് എംപിമാരാണ് ബില്ലിനെതിരായി സംസാരിച്ചത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും, മന്ത്രി ജോർജ് കുര്യനും ലോകസഭയിൽ പ്രതിപക്ഷത്തിന് നൽകിയ മറുപടിയും സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്.
ഈ സാഹചര്യത്തിൽ പ്രിയങ്കാ വാദ്ര സഭയിൽ ഇല്ലാതെ വന്നതും രാഹുൽ ഗാന്ധി ബില്ലിനെ സംബന്ധിച്ച് സംസാരിക്കാതിരുന്നതും സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് കാരണമാവുകയാണ്.ലോകസഭയിൽ പാസായ ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും.
ഗൗരവമായ കാര്യങ്ങൾക്ക് അല്ലാതെ ചർച്ചയിൽ പങ്കെടുക്കാതിരിക്കുന്നത് ഉത്കണ്ഠയുണ്ടാക്കുന്നുവെന്ന് ജോൺ ബ്രിട്ടാസ് എം പിയും ആരോപണം ഉന്നയിച്ചിരുന്നു. അത്തരം നടപടികളോട് യോജിക്കാനാവില്ല. ഞങ്ങളുടെ പാർട്ടിയുടെ ഏറ്റവും സുപ്രധാന സമ്മേളനം മധുരയിൽ നടക്കുമ്പോൾ അതൊഴിവാക്കിയാണ് ഞങ്ങൾ ഇവിടെ എത്തിയത്. മധുരയിലേക്ക് പോയവർ വരെ തിരിച്ചുവന്ന് ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തുവെന്നുമായിരുന്നു ബ്രിട്ടാസിൻറെ വിമർശനം.
Discussion about this post