ഇന്ദ്രിയാനുഭവങ്ങൾ കൃത്യമായാലാണ് ജീവിതം സുഖകരമാവുക. കാണാനും കേൾക്കാനും രുചിക്കാനും തൊട്ടറിയാനുമൊക്കെയുള്ള കഴിവ് മനുഷ്യന് ഇല്ലാത്ത അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. പ്രപഞ്ചത്തിലെ അതിമനോഹരമായ സ്വരങ്ങളും ശബ്ദങ്ങളുമെല്ലാം കേൾക്കാൻ സഹായിക്കുന്നതാണ് നമ്മുടെ കേൾവിശക്തി.
കേൾവി ശക്തിയെ കുറിച്ച് നടത്തിയ ഒരു പഠനം ഏറെ കൗതുകരമാണ്. പുരുഷന്മാരെക്കാൾ കൂടുതൽ കേൾശക്തി സ്ത്രീകൾക്കാണെന്നാണ് ഫ്രാൻസിലെ സെന്റർ ഫോർ ബയോഡൈവേർസിറ്റി ആന്റ് എൻവൈറമെന്റൽ റിസർച്ചിലെ ഗവേഷകരുടെ കണ്ടെത്തൽ. ശരാശരി രണ്ട് ഡെസിബെലിന്റെ വ്യക്തമായ വ്യത്യാസം കേൾവിശക്തിയുടെ കാര്യത്തിൽ പുരുഷന്മാരെക്കാൾ സ്ത്രീകൾക്കുണ്ടെന്നാണ് പഠനഫലം. പുരുഷന്മാരെ അപേക്ഷിച്ച് അതേ പ്രായത്തിലുള്ള സ്ത്രീകൾക്ക് അവരെക്കാൾ കേൾശക്തി കൂടുതലായിരിക്കും. ഇതിന് പിന്നിൽ കോക്ലിയർ ഘടനയിലെ സൂക്ഷ്മമായ വ്യത്യാസങ്ങൾ കാരണമോ ഗർഭാശയ വികസന സമയത്ത് ഹോർമോണുകളുമായി വ്യത്യസ്തമായി സമ്പർക്കം പുലർത്തുന്നതു കൊണ്ടോ ആകാമെന്ന് ഗവേഷകർ വിശദീകരിക്കുന്നു.
ഇക്വഡോർ, ഇംഗ്ലണ്ട്, ഗാബൺ, ദക്ഷിണാഫ്രിക്ക, ഉസ്‌ബെക്കിസ്ഥാൻ എന്നീ അഞ്ച് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 13 വിവിധ ഗ്രൂപ്പുകളിൽ നിന്നും 450 പേർ പഠനത്തിൽ ഭാഗമായി.
വ്യത്യസ്ത പരിസ്ഥിതിയിൽ ജീവിക്കുന്നത് ആളുകളുടെ കേൾവിശക്തിയിൽ പരിണാമം വരുത്തിയിട്ടുണ്ടെന്നും ?ഗവേഷകർ കണ്ടെത്തി. ജീവിക്കുന്ന സ്ഥലം കേൾവി രീതിയെ മാറ്റുമെന്ന് പഠനത്തിൽ പറയുന്നു. ഉയർന്ന പ്രദേശങ്ങളിൽ ഓക്‌സിജന്റെ അളവു കുറവായതിനാൽ അവിടെ ജീവിക്കുന്ന ആളുകൾക്ക് കേൾവി ശക്തി പൊതുവെ കുറവായിരിക്കും. എന്നാൽ വനമേഖലയിൽ താമസമാക്കിയവർക്ക് ഉയർന്ന കേൾവിശക്തിയാണെന്നും കണ്ടെത്തി.
സംഭവം ഇതൊക്കെയാണെങ്കിലും നമുക്ക് കേൾവി ശക്തിയ്ക്ക് കുറവുണ്ടോയെന്ന് പലപ്പോഴും ആശങ്കപ്പെടാറുള്ളവരാണ് നമ്മൾ.കൈയിൽ സ്മാർട്‌ഫോൺ ഉണ്ടോ? എങ്കിൽ നിങ്ങളുടെ കേൾവിശക്തി അറിയാം. കേൾവി പ്രശ്‌നങ്ങൾ കണ്ടുപിടിക്കാൻ സ്വന്തമായി മൊബൈൽ ആപ്പ് തന്നെ ലോകാരോഗ്യ സംഘടന പുറത്തിറക്കിയിട്ടുണ്ട്്. ‘hearWHO’ എന്നാണ് ഡബ്ല്യു എച്ച് ഒ പുറത്തിറക്കിയ ആപ്പിൻറെ പേര്.
ഇതുമാത്രമല്ല, ആപ് സ്റ്റോറുകളിൽ ചെന്നാൽ കേൾവി ശക്തി പരിശോധിക്കുന്ന മിമി ടെസ്റ്റ് , ഹിയറിങ് ചെക്ക്, സൌണ്ട് ചെക്ക് തുടങ്ങി നിരവധി ആപ്പുകൾ കാണാം. എല്ലാ ആപ്പുകളും ഓഡിയോഗ്രാമുകളുടേതുപോലെയുളള പരിശോധനാ രീതികൾ തന്നെയാണ് പിന്തുടരുന്നത്. ആപ്പുകൾ വഴി കേൾവി പരിശോധിക്കണമെങ്കിൽ ഇയർഫോൺ അത്യാവശ്യമാണ്.
Discussion about this post