കൊച്ചി ; മുനമ്പത്ത് അൻപതിലധികം പേർ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽനിന്നാണ് സമരക്കാർ ഉൾപ്പെടെ 50 പേർ ബിജെപി അംഗത്വം സ്വീകരിച്ചത്.വഖഫ് ബിൽ പാസാക്കിയതിനു കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച സമരക്കാര്‍, പ്രധാനമന്ത്രിയെ നേരിൽക്കണ്ടു നന്ദി പ്രകടിപ്പിക്കാൻ അവസരമൊരുക്കണമെന്ന് ബിജെപിയോട് ആവശ്യപ്പെട്ടു.
ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷൻ പി.കെ.കൃഷ്ണദാസ്, ബിജെപിയുടെയും ബിഡിജെഎസിന്റെയും ജില്ലാ നേതാക്കൾ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് 50 പേർ അംഗത്വം സ്വീകരിച്ചത്. ബിജെപിയിലേക്കു കൂടുതൽ ആളുകൾ വൈകാതെ ചേരുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ റവന്യൂ അവകാശം നേടിയെടുക്കും വരെ കൂടെയുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ വലിയ നിമിഷമാണ് മുനമ്പത്തേതെന്നായിരുന്നു രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. മുനമ്പത്തെ അവഗണിച്ച ജനപ്രതിനിധികള്‍ക്കുള്ള മറുപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അവതരിപ്പിച്ച നിയമനിർമ്മാണം പരിശോധിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ ശുപാർശകൾ ഉൾപ്പെടുത്തിയ ശേഷമാണ് സർക്കാർ പുതുക്കിയ ബിൽ ലോകസഭയിലും രാജ്യസഭയിലും അവതരിപ്പിച്ചത്. 1995 ലെ നിയമം ഭേദഗതി ചെയ്യാനും ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ ഭരണവും മാനേജ്‌മെന്റും മെച്ചപ്പെടുത്താനും ബിൽ ലക്ഷ്യമിടുന്നു.
വഖഫ് ബിൽ പാസായതിനു പിന്നാലെ മുനമ്പത്ത് ഭൂസംരക്ഷണ സമിതി ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, കേന്ദ്രസർക്കാരിനും അഭിവാദ്യങ്ങൾ അർപ്പിച്ചായിരുന്നു അവരുടെ ആഹ്ലാദം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് മുനമ്പം നിവാസികൾ നന്ദി അറിയിക്കുകയും ഒപ്പം പ്രതിപക്ഷ എംപിമാർക്കുള്ള മറുപടി അടുത്ത തിരഞ്ഞെടുപ്പിൽ നൽകുമെന്നും മുനമ്പത്തുകാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സുരേഷ് ഗോപിയും ഈ ദിവസങ്ങളിൽ മുനമ്പത്ത് എത്തുമെന്നും സൂചനയുണ്ട്. വഖഫ് ബിൽ പാസായെങ്കിലും റവന്യു അവകാശം പുനഃസ്ഥാപിച്ചു കിട്ടുന്നതുവരെ സമരം തുടരുമെന്നും സമിതി പ്രഖ്യാപിച്ചു.
Discussion about this post