കണ്ണൂർ; പന്ത്രണ്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്‌സോ കേസ്. തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ 23കാരി സ്‌നേഹ മെർലിനെതിരെയാണ് വീണ്ടും കേസ്. പെൺകുട്ടിയുടെ സഹോദരനെയും സ്‌നേഹ പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ്. നിർബന്ധിച്ച് ലൈംഗികമായി ഉപയോഗിച്ചെന്നാണ് പെൺകുട്ടിയുടെ സഹോദരനായ പതിനഞ്ചുകാരൻ മൊഴി നൽകിയിരിക്കുന്നത്. വിവരം കുട്ടി തന്നെയാണ് വീട്ടുകാരോട് തുറന്നു പറഞ്ഞത്.
സ്‌കൂൾ വിദ്യാർഥിനിയായ 12-കാരിയുടെ ബാഗിൽ നിന്ന് അധ്യാപിക മൊബൈൽ ഫോൺ പിടിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. മൊബൈൽ ഫോൺ പരിശോധിച്ചതിൽ സംശയം തോന്നിയ അധ്യാപിക ഈ വിവരം കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് അധ്യാപകരുടെ നിർദേശം അനുസരിച്ച് രക്ഷിതാക്കൾ കുട്ടിയെ ചൈൽഡ് ലൈനിന്റെ കൗൺസിലിങ്ങിന് വിധേയമാക്കിയത്. യുവതി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് 12-കാരി കൗൺസിലിങ്ങിൽ വെളിപ്പെടുത്തിയതിനെ തുടർന്ന് ഈ വിവരം പോലീസിൽ അറിയിക്കുകയും യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയായ സ്നേഹ മെർളിൻ പെൺകുട്ടിക്ക് സ്വർണ ബ്രെയ്സ്ലെറ്റ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകിയിരുന്നതായും വെളിപ്പെടുത്തലുകളുണ്ട്.
സ്നേഹ മെർലിനെതിരെ നേരത്തെയും സമാനമായ രീതിയിലുള്ള കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. മുമ്പ് ഒരു അടിപിടി കേസിലും ഇവർ പ്രതിയായിട്ടുണ്ട്.
Discussion about this post