മകന്റെ പാട്ട് റേഡിയോയിൽ വരുന്നതറിഞ്ഞ് അടുത്ത വീട്ടിലേക്കോടി അവിടെ നിന്ന് മനസ്സ് നിറയെ പാട്ടുകേട്ടവരായിരുന്നു ആ അച്ഛനും അമ്മയും. അവർക്ക് വീട്ടിൽ ഒരു റേഡിയോ പോലും ഉണ്ടായിരുന്നില്ല.
വർഷങ്ങൾക്ക് മുൻപായിരുന്നു കവിയും ഗാനരചയിതാവുമായ പി. ഭാസ്കരൻ മാസ്റ്ററുടെ അടുത്തേക്ക് ആ അച്ഛൻ മകനെ കൊണ്ടു പോയത്. ഒന്നേ പറഞ്ഞുള്ളൂ.. മാഷിവനെ നോക്കണം.. ഞാൻ എന്റെ മോനെ മാഷിനെ ഏൽപ്പിക്കുകയാണ്.. അവന് പാടാൻ അവസരം കൊടുക്കണം. മകനെ ചേർത്ത് പിടിച്ച് ആ അച്ഛൻ പറഞ്ഞു. ഗാനഭൂഷണം കഴിഞ്ഞിരുന്നു അവൻ. നന്നായി പാടുകയും ചെയ്യും.
നാടകത്തിലൊക്കെ അഭിനയിക്കുന്ന, സംഗീതപരിപാടികൾ കൊണ്ട് പ്രശസ്തനായ ആ അച്ഛനെ ഭാസ്കരൻ മാഷിന് വളരെ ഇഷ്ടമായിരുന്നു.. അതുകൊണ്ട് തന്നെ മകനെ ഏൽപ്പിച്ചപ്പോൾ നിരസിക്കാൻ തോന്നിയില്ല. മറിച്ച് സന്തോഷവുമുണ്ടായി..
അങ്ങനെ മദ്രാസിലെ ചിത്രസാഗർ സിനിമ നിർമ്മാണ കമ്പനിയുടെ വിശാലമായ ഓഫീസ് കെട്ടിടത്തിലെ ഒരു മുറിയിൽ ആ പയ്യൻ താമസമാക്കി. ഭക്ഷണം ഭാസ്കരൻ മാസ്റ്ററുടെ വീട്ടിൽ നിന്നും. അത് മാസ്റ്റർക്ക് നിർബന്ധമായിരുന്നു.
കാല്പാടുകൾ എന്നെ കെ.എസ് ആന്റണി ചിത്രത്തിൽ സംഗീത സംവിധായകനായ എം.ബി ശ്രീനിവാസ് ആ ഇരുപത്തൊന്നുകാരനെ കൊണ്ട് പാടിച്ചു. 1961 നവംബർ 14 ന് മദ്രാസിലെ വാഹിനി സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിംഗ്. . ആ നാലുവരികളിലൂടെ അവന്റെ സംഗീത സപര്യ ആരംഭിച്ചു .
എം.ബി ശ്രീനിവാസൻ അന്ന് പ്രവചിച്ചു..
“ഇയാൾ ഉയരങ്ങൾ കീഴടക്കും.. “
പിന്നീട് പി. ഭാസ്കരൻ മാഷിന്റെ നിരവധി ഗാനങ്ങൾക്ക് അയാൾ ശബ്ദം നൽകി.. ഒട്ടേറെ ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായി.. ഇന്നും മലയാളികളുടെ ചുണ്ടിലുണ്ട്.. ആ അനശ്വര ഗാനങ്ങൾ..
ചില ഗാനങ്ങൾ ഇവയാണ്..
താമസമെന്തേ വരുവാൻ .. പ്രാണസഖി
അല്ലിയാമ്പൽ കടവിലന്നരയ്ക്ക് വെള്ളം
കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും ..
ഭാസ്കരൻ മാഷ് ആ ഗായകനെക്കുറിച്ച് തന്റെ ആത്മകഥയിൽ പറയുന്നതിങ്ങനെ ..
“ ഭാഷയെ അറിഞ്ഞുപാടുന്നു എന്നതാണ് അദ്ദേഹത്തിന്റെ മേന്മ….എപ്പോഴും ഒരു സംഗീത വിദ്യാർത്ഥിയാണ് അദ്ദേഹം. പിന്നെ പ്രലോഭനങ്ങളെ അതിജീവിച്ച ഋഷിതുല്യമായ ജീവിത ശൈലി “
അയൽവക്കത്തെ റേഡിയോയിൽ മകന്റെ പാട്ടുകേൾക്കാൻ ഓടിയ ആ അച്ഛനമ്മമാരെ നിങ്ങൾക്കിപ്പോൾ മനസ്സിലായിക്കാണും ..
അഗസ്റ്റിൻ ജോസഫ് ഭാഗവതരും എലിസബത്തും..
ഭാസ്കരൻ മാഷിനെ ഏൽപ്പിച്ച് പിന്നീട് ലോക പ്രശസ്തനായ ആ മകന്റെ പേര് അറിയാത്ത മലയാളികളില്ല…
ഗാനഗന്ധർവൻ .. യേശുദാസ്
Discussion about this post