മലപ്പുറം; ചട്ടിപറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പിൽ സ്വദേശിനി അസ്മയാണ് ( 35) മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് യുവതിയ്ക്ക് ദാരുണാന്ത്യം. പ്രസവത്തിൽ അസ്മ മരിച്ചതിന് പിന്നാലെ മൃതദേഹം ഭർത്താവ് സിറാജുദ്ദീൻ പെരുമ്പാവൂരിലെ യുവതിയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു.
മരണത്തിൽ സംശയം തോന്നിയ വീട്ടുകാർ പോലീസിന്റെ സഹായത്തോടെ മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. രക്തസ്രാവം മൂലമാണ് യുവതി മരിച്ചത് എന്നാണ് അറിയുന്നത്. കുഞ്ഞിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആലപ്പുഴ സ്വദേശിയായ സിറാജ്ജുദ്ദീൻ മലപ്പുറം ചട്ടിപ്പറമ്പിൽ കുടുംബത്തോടൊപ്പം വാടകക്ക് താമസിച്ചുവരുകയാണ്. അയൽക്കാരുമായി സിറാജുദ്ദീൻ അധികം ബന്ധം പുലർത്തിയിരുന്നില്ല. ഇന്നലെ രാത്രിയോടെയാണ് സംഭവം. അസ്മയുടെ വീടാണ് പെരുമ്പാവൂരിലുള്ളത്. ഇവിടെ അസ്മയുടെ മൃതദേഹം കൊണ്ടുവന്ന് സംസ്‌കരിക്കാനുള്ള ശ്രമം നടത്തിയപ്പോഴാണ് യുവതിയുടെ വീട്ടുകാരും നാട്ടുകാരുമടക്കം ഇടപെട്ടത്.
Discussion about this post