വാഷിംഗ്ടൺ : 26/11 മുംബൈ ഭീകരാക്രമണത്തിലെ പ്രതിയായ തഹാവൂർ ഹുസൈൻ റാണ നൽകിയിരുന്ന ഹർജി യുഎസ് സുപ്രീംകോടതി തള്ളി. ഇന്ത്യക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാണ യുഎസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. പാകിസ്താൻ വംശജനും കനേഡിയൻ പൗരനുമായ റാണ നിലവിൽ ലോസ് ഏഞ്ചൽസിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിൽ തടവിൽ കഴിയുകയാണ്.
യുഎസ് പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് വീണ്ടും അധികാരത്തിൽ എത്തിയ ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ഇതിന് പിന്നാലെ റാണ കോടതിയെ സമീപിച്ചിരുന്നു. ഇന്ത്യക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ആദ്യം സമർപ്പിച്ച ഹർജി തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിൽ മോദിയും ട്രമ്പും ചേർന്ന് ഒരുമിച്ച് നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് തഹാവൂർ ഹുസൈൻ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ട്രമ്പ് പ്രഖ്യാപിച്ചത്. 2008 നവംബർ 26-ന് മുംബൈയിൽ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന ഗൂഢാലോചന നടത്തിയവരിൽ ഒരാളാണ് റാണ. കാനഡയിലേക്ക് കുടിയേറുന്നതിനുമുമ്പ് പാകിസ്താൻ സൈന്യത്തിൽ ഡോക്ടറായിരുന്നു ഇയാൾ. ലഷ്കർ-ഇ-തൊയ്ബ (എൽഇടി), പാകിസ്താന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) എന്നീ സംഘടനകളുമായി ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നു. റാണയുടെ ഹർജി സുപ്രീംകോടതി തള്ളിയതിനാൽ വൈകാതെ തന്നെ ഇയാളെ ഇന്ത്യയ്ക്ക് കൈമാറും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post