ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുൽത്താനയുടെയും ശ്രീനാഥ് ഭാസിയുടെയും ചാറ്റ് വിവരങ്ങൾ എക്‌സൈസിന് ലഭിച്ചതായി റിപ്പോർട്ട്. ഇടപാടിനായി നടൻ ഉപയോഗിച്ചത് മറ്റൊരു സിം കാർഡായിരുന്നുവെന്നും അദ്ദേഹത്തിന്റെ പെൺ സുഹൃത്തിന്റെ പേരിലായിരുന്നു സിം കാർഡെന്നുമാണ് റിപ്പോർട്ടുകൾ.
ശ്രീനാഥ് ഭാസിയുടെ പെൺ സുഹൃത്ത് തിരുവനന്തപുരം സ്വദേശിനിയാണെന്നും ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അറിയിച്ചു. പെൺ സുഹൃത്ത് മാസങ്ങൾക്ക് മുൻപ് വിദേശയാത്ര നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിൽ എത്തിയത് ഇവർ വഴിയാണോ എന്നും സംശയമുണ്ട്.
മലയാളത്തിലെ മൂന്ന് നടന്മാരുമായി ഇടപാടുണ്ടെന്നാണ് തസ്ലീമയുടെ മൊഴി. നിലവിൽ ശ്രീനാഥ് ഭാസിയുമായുള്ള ചാറ്റ് വിവരങ്ങൾ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചാലെ ലഹരി ഇടപാടിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുളളൂ.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജി കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. കേസിൽ എക്‌സൈസ് വകുപ്പ് നടനെ പ്രതി ചേർക്കാത്തതിനാലാണ് ഈ നടപടി. കേസിൽ തന്നെ പ്രതിയാക്കി അറസ്റ്റു ചെയ്യുമെന്ന പേടിയുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം വേണമെന്നുമായിരുന്നു ശ്രീനാഥ് ഭാസി ഹർജിയിലൂടെ ആവശ്യപ്പെട്ടത്. കഴിഞ്ഞ നവംബറിൽ കോഴിക്കോട് ഒരു ഷൂട്ടിങ് ലൊക്കേഷനിൽ തസ്ലിമ തന്നെ കാണാനെത്തിയിരുന്നു. അന്ന് ക്രിസ്റ്റീനയെന്നാണ് പേര് പറഞ്ഞത്. ആരാധികയാണെന്ന പേരിൽ ഒരു സുഹൃത്ത് വഴിയായിരുന്നു പരിചയപ്പെടൽ. അന്ന് അവർ ഫോൺ നമ്പറും വാങ്ങി. പിന്നീട് ഏപ്രിൽ ഒന്നിന് വിളിച്ച് കഞ്ചാവ് ആവശ്യമുണ്ടോ എന്ന് ചോദിച്ചു. കളിയാക്കുകയാണ് എന്നു കരുതി ‘വെയ്റ്റ്’ എന്ന് മറുപടി അയച്ചു. അല്ലാതെ അവർ അയച്ച മറ്റ് മെസേജുകൾക്കൊന്നും മറുപടി നൽകിയിട്ടില്ലെന്നു ശ്രീനാഥ് ഭാസിയുടെ മുൻകൂർ ജാമ്യാപേക്ഷയിലുണ്ടായിരുന്നു.
Discussion about this post