ഈ കഴിഞ്ഞ ദിവസമാണ് ഐടി സ്ഥാപനത്തിലെ ജോലി സമ്മർദ്ദം കാരണം യുവാവ് ജീവനൊടുക്കിയ വാർത്ത നാം ഞെട്ടലോടെ വായിച്ചത്. കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന ജേക്കബ് തോമസ് ആണ് കെട്ടിടത്തിൽ നിന്ന് താങ്ങിമരിച്ചത്. കാക്കനാട് പ്രവർത്തിക്കുന്ന ലിൻവേയ്‌സ് ടെക്‌നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടർ എഞ്ചിനീയറായിരുന്നു അദ്ദേഹം. കേരളത്തിലെ വർദ്ധിച്ചുവരുന്ന സമ്മർദ്ദം മൂലം ഉണ്ടാവുന്ന ആത്മഹത്യകളെ കുറിച്ച് പറയുകയാണ് ജിതിൻ ജേക്കബ്.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
Hey, it’s just a job..
ജോലി സമ്മർർദ്ദം താങ്ങാൻ ആകാതെ ഒരു യുവാവ് കൂടി കഴിഞ്ഞ ദിവസം കേരളത്തിൽ ആത്മഹത്യ ചെയ്ത വാർത്ത നമ്മൾ കണ്ടു.
ഐടി സ്ഥാപനത്തിലെ ജോലിസമ്മർദ്ദം മൂലം യുവാവ്, താമസിക്കുന്ന ഫ്‌ളാറ്റിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുക ആയിരുന്നു..!
ജോലി സമ്മർദ്ദം കാരണമുള്ള ആത്മഹത്യയെ കുറിച്ച് മാത്രമേ നമ്മൾ അറിയുന്നുള്ളൂ. ജോലി സമ്മർദ്ദം മൂലം ഉണ്ടാകുന്ന അസുഖങ്ങൾ കാരണം മരണപ്പെടുന്ന യുവജനങ്ങളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്.
കഴിഞ്ഞ 3 മാസത്തിനിടയിൽ എന്റെ മൂന്ന് സഹപ്രവർത്തകർ ആണ് മരണത്തിന് കീഴടങ്ങിയത്. ഒരാൾക്ക് പ്രായം 30, ഒരാൾക്ക് 38 ഉം, മൂന്നാമത്തെ ആൾക്ക് 42 ഉം. കാര്യമായ ഒരു അസുഖങ്ങളും ഇവർക്ക് ഉണ്ടായിരുന്നതായി അറിയില്ല.
ജോലി സമ്മർദം കാരണം ഓരോ വർഷവും 30 ലക്ഷം പേരെങ്കിലും മരിക്കുന്നു എന്നാണ് ഐക്യരാഷ്ട സഭയുടെ കണക്ക്..!
സ്വകാര്യ മേഖലയിലും, സർക്കാർ മേഖലയിലും എല്ലാം ഇപ്പോൾ ഒരേ പോളിസി തന്നെയാണ്. സർക്കാർ ജോലി സുഖകരം ആണ്, job സെക്യൂരിറ്റി ഉണ്ട് എന്നൊന്നും ആരും കരുതേണ്ട. പെർഫോമൻസ് മോശം ആയതിന്റെ പേരിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് പോലും ജീവനക്കാരെ പിരിച്ചുവിടുന്ന കാലമാണ് ഇത്.
ജോലി സ്ഥലങ്ങളിലെ സ്‌ട്രെസ് കുറയ്ക്കാൻ അവനവൻ തന്നെ വിചാരിച്ചാൽ മാത്രമേ നടക്കൂ. നിയമം വഴിയും, സമരം ചെയ്തും ഒക്കെ ജോലി സ്ഥലങ്ങളിലെ അമിതമായ ചൂഷണം തടയാൻ കഴിയും എന്നൊന്നും ഇനിയുള്ള കാലം കരുതേണ്ട.
ജോലിയുടെ സ്‌ട്രെസ് കുറയ്ക്കാൻ ചെയ്യാവുന്ന (ചെയ്യണം എന്ന് ഞാൻ ആഗ്രഹിക്കുന്ന) കുറച്ചു കാര്യങ്ങൾ പങ്കുവെയ്ക്കുന്നു :-
മെന്റലി ഫിറ്റ് ആകുക എന്നതിനേക്കാൾ മെന്റലി tough ആകുക എന്നതാണ് പ്രാഥമികമായ കാര്യം. ജോലി എന്നത് എപ്പോഴും കഠിനകരം ആണ്, ഇന്നിപ്പോൾ relaxed ആണെങ്കിൽ നാളെ അങ്ങനെ ആകണം എന്നില്ല എന്നത് മനസ്സിൽ ആദ്യമേ ഉറപ്പിക്കുക.
ഇന്ന് പ്രൊഫഷണൽസ് അല്ലാത്ത ആരെയും വേണ്ട. നമ്മുടെ സ്കിൽ എപ്പോഴും ഡെവലപ്പ് ചെയ്ത് കൊണ്ടിരിക്കുക.
പ്രൊഫഷണൽ ലൈഫിൽ ആണെങ്കിലും, പേർസണൽ ലൈഫിൽ ആണെങ്കിലും ‘NO’ പറയേണ്ടിടത്ത് ‘NO’ എന്ന് തന്നെ പറയാൻ ശീലിക്കുക. മുഖത്തടിച്ചത് പോലെ പറയണം എന്നല്ല, അത് പറയാനും ഒരു സ്കിൽ വേണം.
നമുക്ക് ഉള്ള ലീവ് മുഴുവൻ എടുക്കുക. ലീവ് എല്ലാം കൂട്ടിയിട്ട് അത് സറണ്ടർ ചെയ്ത് പണം ആക്കാൻ വേണ്ടി നമ്മൾ പട്ടിപ്പണി എടുക്കുമ്പോൾ ഓർക്കുക, ആ പണം ആശുപത്രിയിൽ കൊടുക്കാനെ തികയൂ എന്ന്.
ഒരു ദിവസം പോലും ലീവ് എടുക്കാൻ ഭയക്കുന്ന ഒരുപാടുപേരെ എനിക്ക് അറിയാം. നമ്മൾ ഒരാഴ്ച്ച ജോലിക്ക് ചെന്നില്ല എങ്കിൽ നമ്മുടെ സ്ഥാപനം പൂട്ടി പോകുക ഒന്നുമില്ല. നമ്മൾ ഇല്ല എങ്കിലും ലോകം ഇന്നത്തേതിലും ഭംഗിയായി മുന്നോട്ട് പോകുക തന്നെ ചെയ്യും. അതേസമയം, നമുക്ക് എന്തെങ്കിലും സംഭവിച്ചാലോ..? നഷ്ടം നമുക്കും നമ്മുടെ കുടുംബത്തിനും മാത്രം. ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ ക്‌ളീഷേ അനുശോചനവും, കുറെ പൂവിന്റെ ഇമോജിയും ഉണ്ടാകും. വെറും 24 മണിക്കൂർ കൊണ്ട് നമ്മളെ എല്ലാവരും മറക്കും എന്ന് മാത്രമല്ല, നാളെ നമ്മുടെ സീറ്റിൽ മറ്റൊരാൾ നമ്മൾ ചെയ്ത അതേ ജോലി ചെയ്യുകയും ചെയ്യും.
നമ്മൾ എത്ര ജോലി ചെയ്താലും, എത്ര റിസൾട്ട് ഉണ്ടാക്കിയാലും അത് അന്നത്തേക്ക് മാത്രമെ ഉള്ളൂ, നാളെ വീണ്ടും നമ്മളിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കും. അതിന് വേണ്ടി നമ്മളെ പരമാവധി ചൂഷണം ചെയ്യും. നനഞ്ഞിടം കുഴിക്കുക എന്ന പ്രയോഗം കേട്ടിട്ടില്ലേ, അത് തന്നെ.
പറഞ്ഞു വന്നത്, ജോലി ചെയ്യേണ്ട എന്നോ, ജോലിയിൽ ഉഴപ്പണം എന്നോ അല്ല, മറിച്ച് ജോലി മാത്രമല്ല ജീവിതം എന്ന് നമ്മൾ തിരിച്ചറിയണം.
ലീവ് എടുത്താൽ ശമ്പളം കട്ട് ആകുന്ന സാഹചര്യം ആണെങ്കിലും ആവശ്യം എങ്കിൽ ലീവ് എടുക്കുക തന്നെ വേണം.
ചില സുഹൃത്തുക്കൾ ഉണ്ട്, ലീവ് ഒക്കെ എടുക്കും, പക്ഷെ ലീവ് ദിവസത്തിലും ഫുൾ ടൈം ജോലിയിൽ ആയിരിക്കും. കുടുംബത്തോടൊപ്പം യാത്രകൾ പോയിട്ട്, ടൂറിസം കേന്ദ്രങ്ങളിൽ ഇരുന്ന് ജോലി ചെയ്യുന്നവരെ ഞാൻ കണ്ടിട്ടുണ്ട്.
യൂറോപ്പിൽ യാത്ര പോയപ്പോൾ ഒരു സ്ഥലത്ത് വെച്ച് ‘ഇന്ന് ഒരു VC ഉണ്ട്, അത് അറ്റൻഡ് ചെയ്യണം’ എന്ന് പറഞ്ഞ ഒരാൾ എന്റെ വീട്ടിലും ഉണ്ട്..!
നമ്മുടെ ജോലി ഒരിക്കലും തീരില്ല, ജോലി ചെയ്ത് കൊണ്ടിരിക്കുന്നവർക്ക് എന്നും ജോലി തന്നെ ആയിരിക്കും.
ഇതൊക്കെ പറയുമ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യം, ഇന്നത്തെ കാലത്ത് ഒരു ജോലി കിട്ടാൻ എന്ത് പാടാണ്, ഇപ്പോൾ കിട്ടുന്ന ശമ്പളം കൊണ്ട് തന്നെ ജീവിക്കാൻ പറ്റുന്നില്ല. ജോലി പോയാൽ എങ്ങനെ ജീവിക്കും..? സ്‌ട്രെസ് ആണെന്ന് കരുതി ജോലി ഉപേക്ഷിക്കാൻ പറ്റുമോ..?
ശരിയാണ് എല്ലാം അംഗീകരിക്കുന്നു. പക്ഷെ ദിവസവും 12 ഉം 15 ഉം ഒക്കെ മണിക്കൂർ നിങ്ങൾ ജോലി ചെയ്തിട്ടും നിങ്ങൾക്ക് ജീവിതത്തിൽ സന്തോഷം ലഭിക്കുന്നുണ്ടോ..? സുഖകരമായി ഉറങ്ങാൻ കഴിയുന്നുണ്ടോ..? മാനസിക സമ്മർദം ഇല്ലാത്ത ആളാണോ നിങ്ങൾ..? അങ്ങനെ ഉണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ തന്നെ ആണ്.
പക്ഷെ ഭൂരിഭാഗവും അങ്ങനെ ഉള്ളവർ അല്ല. ഇപ്പോഴുള്ള ജോലി രാജിവെയ്ക്കണം എന്ന് ആഴ്ചയിൽ ഒരിക്കൽ എങ്കിലും ചിന്തിക്കാത്ത എത്ര പേരുണ്ട്..? രാജിക്കത്ത് ബോസ്സിന്റെ മുഖത്ത് വലിച്ചെറിഞ്ഞ് മാസ്സ് ഡയലോഗും അടിച്ച് പുറത്ത് ഇറങ്ങി പോരുന്ന രംഗം ആലോചിക്കാത്ത ആരെങ്കിലും ഉണ്ടോ..?
ഞാൻ മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ ആണ്. ഇതൊക്കെ പ്രൊഫഷണൽ ജീവിതത്തിൽ ചെയ്യണമെന്നും ആഗ്രഹിക്കുന്ന കാര്യങ്ങളും ആണ്. പിന്നെ എന്തുകൊണ്ട് ഇതൊന്നും ചെയ്യാൻ പറ്റുന്നില്ല എന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരമേ ഉള്ളൂ, നമ്മൾ എടുത്ത് കൂട്ടിയിരിക്കുന്ന ബാധ്യതകൾ..!
എന്റെ ഒരു സുഹൃത്ത് കഴിഞ്ഞ ദിവസം പറഞ്ഞത്, അവന് ജോലി സമ്മർദം താങ്ങാൻ പറ്റുന്നില്ല. എന്തെങ്കിലും ചെറിയ ജോലിയിലേക്ക് മാറാം എന്ന് വെച്ചാൽ housing ലോൺ, വെഹിക്കിൾ ലോൺ, സ്റ്റാഫ് ലോൺ എല്ലാം കൂടി ചേർത്ത് 1കോടി 10 ലക്ഷം രൂപയുടെ ലോണുകൾ ഉണ്ട്..! റിട്ടയർമെന്റ് വരെ ഇപ്പോഴുള്ള ജോലി ചെയ്താലേ അവന് ലോണുകൾ അടച്ചു തീർക്കാൻ പറ്റൂ..!
പലർക്കും ഗംഭീര ശമ്പളം ഒക്കെയാണ്. പക്ഷെ ഒരു മാസത്തെ ലോൺ repayment എല്ലാം കഴിയുമ്പോൾ ക്രെഡിറ്റ് കാർഡ് തന്നെ ശരണം എന്ന അവസ്ഥയാണ്. അതായത് ജീവിതം മുഴുവൻ EMI അടയ്ക്കാൻ വേണ്ടി രാവിലെ മുതൽ പാതിരാത്രി വരെ ജോലി ചെയ്യുന്നു എന്നർത്ഥം.
നമുക്ക് ജോലിയുടെ സമ്മർദ്ദം പൂർണമായും ഇല്ലാതാക്കാൻ കഴിയില്ല. പക്ഷെ അതിന്റെ ലെവൽ കുറയ്ക്കാൻ കഴിയും.
നമ്മുടെ ചിന്താരീതികൾ മാറ്റുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കിട്ടാവുന്ന മുഴുവൻ ലോണുകളും എടുത്ത് കൂട്ടി വലിയ വീടും, കാറും ഒക്കെ വാങ്ങി മറ്റുള്ളവരുടെ കണ്ണ് തള്ളിക്കുമ്പോൾ കിട്ടുന്ന ചെറിയ ഒരു സുഖത്തിനു വേണ്ടി നിങ്ങൾ നിങ്ങളുടെ ജീവിതകാലത്തെ മുഴുവൻ സന്തോഷവും നഷ്ടപ്പെടുത്തുക ആണ്.
ദിവസവും ആവശ്യം ഇല്ല എങ്കിൽ കാർ പോലും അനാവശ്യ കാര്യമാണ് എന്നോർക്കുക. കേരളത്തിന് പുറത്തും, വിദേശത്തും ഒക്കെ ജീവിക്കുന്നവർ രണ്ടോ മൂന്നോ വർഷം കൂടി നാട്ടിൽ വരുമ്പോൾ താമസിക്കാൻ വേണ്ടി എന്തിനാണ് 50 ലക്ഷവും, 1 കോടിയും ഒക്കെ ലോൺ എടുത്ത് വീട് വെയ്ക്കുന്നത് എന്ന് മനസിലാകുന്നില്ല. നാട്ടിൽ വരുമ്പോൾ ഏതെങ്കിലും നല്ല ഹോട്ടൽ അല്ലെങ്കിൽ റിസോർട്ടിൽ താമസിച്ചാൽ പോരെ..?
പറഞ്ഞു വന്നത്, നമ്മുടെ കയ്യിൽ ഒതുങ്ങാത്ത ലോണുകൾ എല്ലാം എടുത്ത് കൂട്ടുമ്പോൾ അത് നമ്മുടെ ജീവിതത്തിന്റെ സന്തോഷം മുഴുവൻ കെടുത്തും. ജോലി സ്‌ട്രെസ് ആകാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്, ജോലിയില്ല എങ്കിൽ EMI മുടങ്ങുമോ എന്ന ഭയം ആണ്. ആ ചിന്ത ഉള്ളത് കൊണ്ട് എന്ത് പട്ടിപ്പണി പറഞ്ഞാലും അടിമകളെ പോലെ നമ്മൾ ജോലി ചെയ്യും. വേണ്ട എന്ന് മനസ് പറഞ്ഞാലും, തളരുന്നു എന്ന് ശരീരം പറഞ്ഞാലും നമ്മൾ ജോലി തുടരുക തന്നെ ചെയ്യും. അവസാനം സംഭവിക്കേണ്ടത് സംഭവിക്കുക തന്നെ ചെയ്യും.
നമുക്ക് ഒരു രൂപ പോലും കടം ഇല്ല എങ്കിൽ ജീവിതം അടിപൊളി ആണ്. കടം ഉണ്ടാകുക അല്ല, മറിച്ച് നമ്മൾ ഉണ്ടാക്കുക ആണല്ലോ. ആ ട്രാപ്പിൽ പോയി വീഴാതിരിക്കുന്നവർ ഭാഗ്യവാന്മാർ. Debt free എന്ന അവസ്ഥ നൽകുന്ന പോസിറ്റീവ് എനർജി അത് പറഞ്ഞറിയിക്കാൻ കഴിയില്ല. അത് നമുക്ക് നൽകുന്ന ഫ്രീഡം വളരെ വലുതാണ്.
മാതാപിതാക്കളോടും പറയാൻ ഉണ്ട്. ചെറുപ്പത്തിൽ ജോലിക്ക് കയറുന്ന കുട്ടികൾ മെന്റലി അത്ര strong ഒന്നും അല്ല. പണ്ടൊക്കെ എത്ര വിഷമതകൾ ഉണ്ടെങ്കിലും ജോലിയിൽ പിടിച്ചു നിൽക്കുമായിരുന്നു. കാരണം വളർന്നു വന്ന സാഹചര്യങ്ങൾ അതിനുള്ള കരുത്ത് നൽകിയിരുന്നു. ഇന്നിപ്പോൾ കാലം മാറി. വീട്ടിൽ ഒക്കെ ഒരു വഴക്ക് പോലും കേൾക്കാതെ വളർന്നു വരുന്ന കുട്ടികൾ ആണ്. പെട്ടന്ന് ഒരു വൻകിട കമ്പനിയിൽ ജോലി കിട്ടുമ്പോൾ വലിയ പ്രതീഷ ആയിരിക്കും ഉണ്ടാകുക. പക്ഷെ ജീവിതത്തിൽ അന്ന് വരെ കേൾക്കാത്ത ചീത്തവിളികളും, ജോലിയുടെ സമ്മർദ്ദവും ഒക്കെ ആകുമ്പോൾ ഇവർക്ക് താങ്ങാൻ കഴിയില്ല.
പുറമെ കാണുന്ന പളപളപ്പ് ഒന്നും ജോലിയിൽ കാണില്ല. ജോലിക്ക് കയറിയാൽ ഉടൻ ലോൺ എടുപ്പിച്ച് വീട് വെപ്പിക്കുക, കാർ മേടിപ്പിക്കുക എന്നത് ഒക്കെ ഒരു ചടങ്ങ് ആയിക്കഴിഞ്ഞു ഇപ്പോൾ. ജോലിയുടെ സമ്മർദം പോലും താങ്ങാൻ പറ്റാതെയിരിക്കുന്നവന്റെ തലയിൽ ലോൺ ബാധ്യത കൂടി വരുമ്പോൾ ഉള്ള അവസ്ഥ ആലോചിച്ചു നോക്കൂ…!
മക്കളെ കറവപ്പശുക്കൾ ആയിക്കാണുന്ന മാതാപിതാക്കളും ഉണ്ട് എന്നത് വസ്തുതയാണ്.
ലൈഫിൽ സെറ്റിൽ ആകുക എന്നത് വീട് വെക്കുന്നതും, കാർ വാങ്ങുന്നതും ഒന്നുമല്ല എന്നത് മനസിലാക്കുക.
‘NO’ പറയേണ്ടിടത്ത് ‘NO’ എന്ന് തന്നെ പറയുക, എന്ത് ജോലി ചെയ്താലും അതിൽ പ്രൊഫഷണൽ ആകുക, ജീവിതത്തിൽ കടം വാങ്ങില്ല, കൊടുക്കില്ല എന്ന് തീരുമാനിക്കുക, നല്ലൊരു ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കുക, മക്കൾക്ക് ഒരു 21 വയസ് ആകുന്നത് വരെ കണക്ക് കൂട്ടി കുടുംബത്തിൽ വരുമാനം ഉള്ള ആൾ ഒരു Term ഇൻഷുറൻസ് എടുത്ത് വെയ്ക്കുക. എല്ലാത്തിലും ഉപരി ഉള്ളത് കൊണ്ട് സന്തോഷം കണ്ടെത്താൻ ശ്രമിക്കുക.
Hey, it’s just a job എന്ന് നമുക്ക് പറയാൻ പറ്റുക എന്നത് നിസാര കാര്യം അല്ല. അങ്ങനെ പറയാൻ കഴിയണം എങ്കിൽ മാറി ചിന്തിക്കണം. ആ ഒരു സ്റ്റേജിൽ നമ്മൾ എത്തിയാൽ പിന്നെ ഒരു സമ്മർദത്തിനും നമ്മളെ കീഴടക്കാൻ കഴിയില്ല.
Discussion about this post