ഇന്ത്യയിൽ ജനാധിപത്യ ഭരണമാണോ അതോ ജുഡീഷ്യൽ ഭരണമാണോ എന്ന് പലപ്പോഴും സംശയിച്ചിട്ടുണ്ടെന്ന് ജിതിൻ ജേക്കബ്. “തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് ഗവർണർമാർ വഴിമുടക്കികളാകരുത്, ജനവിധി അംഗീകരിക്കണം” എന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു. ഇതേ വിധിയിൽ ‘ഗവർണമാർ’ എന്നത് മാറ്റി ‘കോടതികൾ’ എന്നാക്കിയിട്ട് സുപ്രീം കോടതി തന്നെ വായിച്ചു നോക്കണം എന്നാണ് നികുതി ദായകൻ എന്ന നിലയിൽ എന്റെ അഭിപ്രായം എന്ന് അദ്ദേഹം പറഞ്ഞു.
കുറിപ്പിൻ്റെ പൂർണരൂപം
“തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് ഗവർണർമാർ വഴിമുടക്കികളാകരുത്, ജനവിധി അംഗീകരിക്കണം” എന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നു. ഇതേ വിധിയിൽ ‘ഗവർണമാർ’ എന്നത് മാറ്റി ‘കോടതികൾ’ എന്നാക്കിയിട്ട് സുപ്രീം കോടതി തന്നെ വായിച്ചു നോക്കണം എന്നാണ് നികുതി ദായകൻ എന്ന നിലയിൽ എന്റെ അഭിപ്രായം.
ഇന്ത്യയിൽ ജനാധിപത്യ ഭരണമാണോ അതോ ജുഡീഷ്യൽ ഭരണമാണോ എന്ന് പലപ്പോഴും സംശയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ, ഇന്ത്യൻ പാർലമെന്റിൽ പാസ്സാക്കുന്ന നിയമങ്ങൾ പലതും വർഷങ്ങളായി കോടതി കയറി ഇറങ്ങുന്നത് നമ്മൾ കണ്ടിട്ടുണ്ട്. സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ അടക്കം കോടതികൾ ഇടപെടുന്ന അവസ്ഥയും നമ്മൾ കണ്ടിട്ടുണ്ട്.
പൊതുവെ മിതഭാഷി ആയിരുന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഒരിക്കൽ പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞത് ഓർക്കുന്നു “The Supreme Court should not get into the realm of policy formulation”. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് ഗവർണർമാർ വഴിമുടക്കികളാകരുത്, നിയമസഭ പാസാക്കിയ ബില്ലുകളിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടത് സ്വാഗതം ചെയ്യുമ്പോൾ തന്നെ, ഇതേ ആവശ്യമാണ് സുപ്രീം കോടതിയോടും ഇവിടുത്തെ നികുതിദായകർക്കും ഉന്നയിക്കാൻ ഉള്ളത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് കോടതികൾ വഴിമുടക്കികളാകരുത്. പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾക്ക് എതിരെ വരുന്ന കേസുകൾക്ക് 1 മാസത്തിനുള്ളിൽ സുപ്രീം കോടതി അന്തിമ വിധി കൽപ്പിക്കണം.
മാധ്യമ വാർത്തകൾ അനുസരിച്ച് ഇന്ത്യയിലെ കോടതികളിൽ 5 കോടി കേസുകളിൽ കെട്ടിക്കിടപ്പുണ്ട്. ഇന്ത്യയിലെ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്ന 62000 കേസുകൾ 30 വർഷത്തിന് മുകളിൽ പഴക്കം ഉള്ളതാണ്. 1954 ലിലെ കേസിൽ പോലും വിധി പറയാൻ ഉണ്ട് എന്ന് പറയുമ്പോൾ (https://www.thehindu.com/…/nearly…/article68616991.ece) നമ്മുടെ നീതിന്യായ വ്യവസ്ഥ എത്രത്തോളം പരിതാപകരം ആണെന്ന് ആലോചിച്ചു നോക്കൂ…!
സുപ്രീം കോടതിയിൽ അനുവദിച്ചിരിക്കുന്ന ജഡ്ജിമാരുടെ എണ്ണം 34 ആണ്. ആ മുഴുവൻ ജഡ്ജിമാരും ഇപ്പോൾ ഉണ്ടായിട്ട് കൂടി സുപ്രീം കോടതിയിലും ഉണ്ട് 82000 ത്തിൽ അധികം പെന്റിങ്ങ് കേസുകൾ. പ്രമാദമായ ലാവലിൻ അഴിമതി കേസ് 40 തവണയാണ് സുപ്രീം കോടതി മാറ്റിവെച്ചത്..! ബ്രിട്ടീഷുകാർ തുടങ്ങി വെച്ച കോടതി അവധി (vacations) സമ്പ്രദായം ഒക്കെ 5 കോടി കേസുകൾ കെട്ടിക്കിടക്കുന്ന ഈ കാലത്തും തുടരേണ്ടതുണ്ടോ എന്ന് ആലോചിക്കണം.
ജനാധിപത്യ സർക്കാരുകൾ പാർലമെന്റിൽ പാസ്സാക്കുന്ന നിയമങ്ങൾക്ക് മേലെ ഉണ്ടാകുന്ന കേസുകളും ഒരു മാസത്തിനുള്ളിൽ എങ്കിലെങ്കിലും തീർപ്പ് കൽപ്പിക്കാൻ കോടതികൾക്ക് ആകണം. അല്ലാതെ വന്നാൽ, കോടതികളും തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾക്ക് വഴിമുടക്കികളാകുന്നു എന്ന് കരുതേണ്ടി വരും. അത് ജനാധിപത്യത്തിന്റെ പരാജയം ആണ്.
ഇന്ത്യയിലെ ഗവർണർമാരോട് സുപ്രീം കോടതി പറഞ്ഞത് തന്നെയാണ്, ജനാധിപത്യ വിശ്വാസികളും, നികുതിദായകരും ആയ
ഇന്ത്യക്കാർക്ക് സുപ്രീം കോടതിയോടും പറയാൻ ഉള്ളൂ, ജനാധിപത്യ സർക്കാരുകൾ പാർലമെന്റിൽ പാസ്സാക്കുന്ന നിയമങ്ങളുടെ മേലെ അടയിരിക്കരുത്. ഒരു മാസത്തിനുള്ളിൽ എങ്കിലും തീർപ്പ് കൽപ്പിക്കണം. അല്ലെങ്കിൽ ഗവർണർമാരും കോടതികളും തമ്മിൽ എന്താണ് വ്യത്യാസം..?
ഇക്കാര്യത്തിന് വേണ്ടി ജനങ്ങൾ തിരഞ്ഞെടുത്ത പാർലമെന്റിനു നിയമം പാസാക്കാൻ കഴിയുമോ എന്നറിയില്ല. ജഡ്ജിമാരെ ജഡ്ജിമാർ തന്നെ തിരഞ്ഞെടുക്കുന്ന കൊളീജിയം സംവിധാനം അവസാനിപ്പിക്കാൻ പാർലമെന്റ് പാസ്സാക്കിയ നിയമത്തിന് എന്ത് സംഭവിച്ചു എന്ന് രാജ്യം കണ്ടതാണ്. https://www.thehindu.com/…/Supreme…/article60384480.ece
ജനാധിപത്യത്തിന് മുകളിൽ അല്ല രാജ്യത്തെ കോടതികൾ. ജനാധിപത്യത്തെ ശക്തിപ്പെടുത്തണം എന്ന് കോടതികൾ ആഗ്രഹിക്കുന്നു എങ്കിൽ ഇക്കാര്യത്തിൽ ഒരു സ്വയം വിമർശനം നടത്തി വേണ്ട മാറ്റങ്ങൾ കൊണ്ടുവരും എന്ന് കരുതുന്നു.
Discussion about this post