കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികളിൽ കാഴ്ചവൈകല്യം വർദ്ധിക്കുന്നത് പത്തിരട്ടി വേഗത്തിലെന്ന് കണ്ടെത്തൽ. ദേശീയ ആയുഷ് മിഷന്റെ കീഴിലുള്ള ദൃഷ്ടി പദ്ധതി വഴി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം.പരിശോധനയ്ക്ക് വിധേയമായ കുട്ടികളിൽ ഏഴിൽ ഒരാൾക്കെങ്കിലും കാഴ്ചക്കുറവുണ്ടെന്നാണ് റിപ്പോർട്ട്.
16 ക്യാമ്പുകളിൽ മാത്രമായി 144 കുട്ടികളിലാണ് കാഴ്ചവൈകല്യം കണ്ടെത്തിയത്. ഇതിൽ 12പേർക്ക് മാത്രമാണ് കാഴ്ചയെ ബാധിക്കുന്ന ബുദ്ധിമുട്ടുകൾ മുമ്പ് ഉണ്ടായിരുന്നത്. തിമിരം, റെറ്റിനോപ്പതി, ഗ്ലൊക്കോമ തുടങ്ങിയ അസുഖങ്ങൾ ബാധിച്ച 14 കുട്ടികളെയും പരിശോധനയിൽ കണ്ടെത്തി. ആകെ 784 വിദ്യാർത്ഥികളിലാണ് പരിശോധന നടത്തിയത്കാഴ്ച വൈകല്യങ്ങൾ കണ്ടെത്തിയ കുട്ടികളിൽ ഭൂരിഭാഗവും മണിക്കൂറുകളോളം ഫോൺ ഉപയോഗം ഉള്ളവരാണെന്ന് കണ്ടെത്തി. മിക്കവരിലും മലബന്ധം, വിശപ്പില്ലായ്മ തുടങ്ങിയ വയർ സംബന്ധമായ അസുഖങ്ങളും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
അമിതമായ ഫോൺ, ടിവി ഉപയോഗം, ജങ്ക് ഫുഡ്, മധുര പലഹാരങ്ങൾ, എണ്ണയിൽ വറുത്ത ആഹാരങ്ങൾ, കാർബണേറ്റഡ് ഡ്രിങ്ക്സ് തുടങ്ങിയവയുടെ അമിത ഉപയോഗം, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, സമയം തെറ്റിയുള്ള ആഹാരം, ഭക്ഷണത്തിൽ പോഷകത്തിന്റെ അഭാവം, വ്യായാമം ഇല്ലായ്മ, പകലുറക്കം, രാത്രി ഉറങ്ങാൻ വൈകുന്നത് തുടങ്ങിയവ കാഴ്ച വൈകല്യങ്ങൾക്കും കണ്ണിലെ മറ്റ് അസുഖങ്ങൾക്കും കാരണമാണെന്നാണ് ഡോക്ടർമാരുടെ വിശദീകരണം.
മദ്യവും മയക്കുമരുന്നും പോലെ മൊബൈൽ ഫോണിന്റെ അമിതോപയോഗം കുട്ടികളിൽ മാനസികവും ശാരീരികവുമായ സങ്കീർണാവസ്ഥ സൃഷ്ടിക്കുന്നതായി വനിത-ശിശു വികസന വകുപ്പ് കണ്ടെത്തിയിരുന്നു. 2023 മുതൽ 2024 അവസാനം വരെ 15,261 കുട്ടികൾക്കാണ് ഇതുമായി ബന്ധപ്പെട്ട് ചികിത്സ നൽകിയത്. വകുപ്പിന്റെ ജില്ലാ റിസോഴ്‌സ് കേന്ദ്രങ്ങൾ, പാരന്റിങ് ക്ലിനിക്കുകൾ, സ്‌കൂൾ കൗൺസലിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിലാണ് പ്രശനത്തിന്റെ വ്യാപ്തി വ്യക്തമായത്
Discussion about this post