മലപ്പുറം: വഖഫ് ബോർഡ് നിയമന ഭേദഗതിക്കെതിരെ ജമാഅത്തെ ഇസ്ലാമിയുടെ യുവജന, വിദ്യാർത്ഥി സംഘടനകളായ സോളിഡാരിറ്റിയും ഐ.എസ്.ഒയും (ഇസ്ലാമിക് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ) സംയുക്തമായി നടത്തിയ പ്രതിഷേധ മാർച്ച് വിവാദത്തിൽ. കരിപ്പൂർ വിമാനത്താവളത്തിന് സമീപം റോഡ് ഉപരോധിച്ചുകൊണ്ട് നടത്തിയ മാർച്ചിൽ ഈജിപ്തിലെ മുസ്ലീം ബ്രദർഹുഡ് സ്ഥാപകൻ ഹസനുൽ ബന്ന, പ്രമുഖ ഇസ്ലാമിക ചിന്തകനും ബ്രദർഹുഡ് നേതാവുമായിരുന്ന സയ്യിദ് ഖുതുബ്, ഹമാസ് സ്ഥാപകൻ ഷെയ്ഖ് അഹമ്മദ് യാസിൻ, ഹമാസ് നേതാവ് യഹിയ സിൻവാർ എന്നിവരുടെ ചിത്രങ്ങൾ പതിച്ച പ്ലക്കാർഡുകൾ ഉപയോഗിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്.
പ്രതിഷേധ മാർച്ചിൽ ഉപയോഗിച്ച പ്ലക്കാർഡുകളിൽ പ്രത്യക്ഷപ്പെട്ട വ്യക്തികളെച്ചൊല്ലിയാണ് പ്രധാനമായും വിവാദം ഉടലെടുത്തത്.
ഹസനുൽ ബന്ന: ഈജിപ്തിലെ മുസ്ലീം ബ്രദർഹുഡിന്റെ സ്ഥാപകനാണ് ഹസനുൽ ബന്ന. ആധുനിക ഇസ്ലാമിക തീവ്രവാദത്തിന് ബൗദ്ധിക അടിത്തറ നൽകിയത് ഹസനുൾ ബന്നയുടെ ആശയങ്ങളാണ്.
സയ്യിദ് ഖുതുബ്: മുസ്ലീം ബ്രദർഹുഡിന്റെ പ്രധാന സൈദ്ധാന്തികനായിരുന്നു സയ്യിദ് ഖുതുബ്. ‘ഖുതുബിസം’ എന്ന് പിൽക്കാലത്ത് അറിയപ്പെട്ട ആ ആശയങ്ങൾ ആഗോളതലത്തിൽ പല ഭീകരവാദ സംഘടനകളെയും സ്വാധീനിച്ചതായി വിലയിരുത്തപ്പെടുന്നു. ഒസാമ ബിൻ ലാദൻ, അയ്‌മൻ അൽ-സവാഹിരി തുടങ്ങിയവർക്ക് ഖുതുബിന്റെ ചിന്തകൾ പ്രചോദനമായെന്നും, ഐസിസ്, അൽ-ഖ്വയ്ദ, താലിബാൻ പോലുള്ള സംഘടനകളുടെ പ്രത്യയശാസ്ത്രത്തിൽ ഖുതുബിന്റെ സ്വാധീനമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഈജിപ്ഷ്യൻ പ്രസിഡന്റ് ഗമാൽ അബ്ദുൽ നാസറിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ 1966-ൽ ഈജിപ്റ്റ് സർക്കാർ സയ്യിദ് ഖുതുബിനെ തൂക്കിലേറ്റുകയായിരുന്നു
.
അഹമ്മദ് യാസിൻ, യഹിയ സിൻവാർ: പലസ്തീനിയൻ ഭീകര സംഘടനയായ ഹമാസിന്റെ സ്ഥാപകനാണ് അഹമ്മദ് യാസിൻ. 2004-ൽ ഇസ്രായേൽ ആക്രമണത്തിൽ അഹമ്മദ് യാസിൻ കൊല്ലപ്പെട്ടു. യഹിയ സിൻവാർ ഗാസയിലെ ഹമാസ് നേതാക്കളിൽ പ്രമുഖനായിരുന്നു. 2024 ആഗസ്റ്റ് മുതൽ ഹമാസ് തലവനായി ചുമതലയേറ്റു. കഴിഞ്ഞ വർഷം ഒക്ടൊബറിൽ ഗാസയിൽ വച്ച് ഇസ്രേയൽ ഡ്രോൺ ആക്രമണത്തിൽ യഹിയ സിൻവാർ കൊല്ലപ്പെട്ടു..
മറ്റ് ആരോപണങ്ങൾ
പ്ലക്കാർഡുകളിൽ തിരൂരങ്ങാടി വലിയ ജുമാ മസ്ജിദിന്റെ ചിത്രവും ഉൾപ്പെടുത്തിയിരുന്നു. 1921-ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട് ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലമാണിത്. 1921 ൽ ഈ പള്ളി ബ്രിട്ടീഷ് പട്ടാളം തകർത്തു എന്ന കിംവദന്തി പരത്തിക്കൊണ്ടാണ് മലബാർ കൂട്ടക്കൊലയ്ക്കും കലാപത്തിനും തുടക്കമിട്ടത്. ഈ പള്ളി കേന്ദ്രീകരിച്ച് ആലി മുസ്‌ലിയാർ 1921ൽ ഭരണം നടത്തിയെന്നും, ഇവിടെ വെച്ചാണ് ‘ഇസ്ലാമിക രാഷ്ട്രം’ പ്രഖ്യാപിച്ചതെന്നുമാണ് ചരിത്രം. ആ പള്ളിയുടേ ചിത്രങ്ങൾ ഇത്തരമൊരു പ്രകടനത്തിൽ കാട്ടിയത് വ്യക്തമായ കലാപാഹ്വാനമാണെന്നാണ് വിലയിരുത്തുന്നത്.
കൂടാതെ, അതീവ സുരക്ഷാ പ്രാധാന്യമുള്ള വിമാനത്താവളത്തിന് സമീപം അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചത് മനഃപൂർവ്വമാണെന്നും, പോലീസ് നടപടിയുണ്ടായാൽ അത് ഉപയോഗിച്ച് ഇരവാദം ഉന്നയിക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നും വിമർശകർ ആരോപിക്കുന്നു.വഖഫ് നിയമനങ്ങളുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനത്തിനെതിരായ പ്രതിഷേധത്തിൽ, തീവ്രവാദ ബന്ധമാരോപിക്കപ്പെടുന്ന വ്യക്തികളുടെ ചിത്രങ്ങൾ ഉപയോഗിച്ചത് രാഷ്ട്രീയപരമായും സാമൂഹികമായും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.












Discussion about this post