കോട്ടയം: കോട്ടയം എരുമേലിയിൽ മകളുടെ പ്രണയത്തെച്ചൊല്ലി വീട്ടിലുണ്ടായ തർക്കത്തിനിടെ പെട്രോളൊഴിച്ച് തീ കൊളുത്തി. സംഭവത്തിൽ ഇളയമകൻ ഒഴികെ ബാക്കി മൂന്ന് പേർക്കും ജീവൻ നഷ്ടമായി.ശ്രീനിപുരം പുത്തൻപുരയ്ക്കൽ സത്യപാലൻ ,ഭാര്യ ശ്രീജ, മകൾ അഞ്ജലി എന്നിവരാണ് മരിച്ചത്. ശ്രീജ സംഭവസ്ഥലത്തുവെച്ചും മറ്റ് രണ്ടുപേർ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലുമാണ് മരിച്ചത്.മകളുടെ പ്രണയബന്ധം സംബന്ധിച്ച തർക്കത്തിനു പിന്നാലെയാണ് മുൻവാതിൽ അടച്ചിട്ട ശേഷം വീട്ടിനുള്ളിൽവച്ച് വീട്ടമ്മ തീകൊളുത്തിയത്. വീട് കത്തിനശിച്ചു.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
സത്യപാലൻ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപന ഉടമയാണ്. ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അയൽവാസിയായ യുവാവും അഞ്ജലിയുമായി പ്രണയത്തിലായിരുന്നു. സത്യപാലനും കുടുംബവും ഈ ബന്ധത്തെ എതിർക്കുകയും മകളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഗൾഫിൽ നഴ്‌സായി ജോലി ചെയ്തിരുന്ന അഞ്ജലി കഴിഞ്ഞ ദിവസമാണു ജോലിസ്ഥലത്തുനിന്നു വീട്ടിലെത്തിയത്. തുടർന്ന് ഇവരുടെ വീട്ടിലെത്തിയ യുവാവ് അഞ്ജലിയെ വിവാഹം കഴിച്ചുതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കൾ സമ്മതിച്ചില്ല. ഇന്നലെ രാവിലെ യുവാവ് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി എത്തി. അഞ്ജലിയെക്കൂട്ടി പോകാൻ ശ്രമിച്ചെന്നും തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായെന്നും പറയുന്നു.
വീട്ടിൽ വന്ന യുവാവിനെ വിവാഹം കഴിച്ചാൽ താൻ ജീവനൊടുക്കുമെന്ന് പെൺകുട്ടിയുടെ അച്ഛൻ ഭീഷണി മുഴക്കിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ പോയ ശേഷമാണ് വീട്ടിൽ വഴക്കുണ്ടായതെന്നും തുടർന്ന് തീ ഉയരുന്നത് കണ്ടെന്നും അയൽവാസികൾ പറയുന്നു
Discussion about this post