ന്യൂഡൽഹി : സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. സാം പിട്രോഡ, സുമൻ ദുബെ എന്നിവർക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾക്കെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഡൽഹിയിലെ റോസ് അവന്യൂ കോടതിയിൽ ആണ് ഇ.ഡി പ്രോസിക്യൂഷൻ പരാതി ഫയൽ ചെയ്തിരിക്കുന്നത്.
കേസിലെ കുറ്റപത്രം പരിഗണിക്കുന്നതിനായി ഏപ്രിൽ 25 ന് വാദം കേൾക്കാൻ ആണ് കോടതി നിശ്ചയിച്ചിട്ടുള്ളത്. 2014ൽ ഡോ. സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാഷണൽ ഹെറാൾഡ് കേസിൽ ഇഡി അന്വേഷണം ആരംഭിച്ചത്.
2,000 കോടിയിലേറെ മൂല്യമുള്ള എജെഎൽ സ്വത്തുക്കൾ
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളും ചേർന്ന് വെറും 50 ലക്ഷം രൂപയ്ക്ക് തട്ടിയെടുത്തതായാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതി. യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ) ആണ് നാഷണൽ ഹെറാൾഡ് പ്രസിദ്ധീകരിക്കുന്നത്. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും യംഗ് ഇന്ത്യയിൽ 38 ശതമാനം ഓഹരികളുണ്ട്. അതായത് കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സോണിയയുടെയും രാഹുലിന്റെയും പേരിലാണെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. കോൺഗ്രസ് നൽകിയതായി ആരോപിക്കപ്പെടുന്ന വായ്പയ്ക്ക് പകരമായി എജെഎല്ലും അതിന്റെ ആസ്തികളും വെറും 50 ലക്ഷം രൂപയ്ക്ക് ആണ് സോണിയയും രാഹുലും സ്വന്തമാക്കിയത്.
Discussion about this post