ന്യൂഡൽഹി : അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിൽ നിർണായക നീക്കവുമായി ചൈന. അമേരിക്കൻ വിമാന നിർമ്മാണ കമ്പനിയായ ബോയിങ്ങിൽ നിന്നും ഉള്ള എല്ലാ ഉൽപ്പന്നങ്ങളുടെയും ചൈനയിലെ വിതരണം നിർത്തിയതായാണ് ചൈന വ്യക്തമാക്കിയിരിക്കുന്നത്. ഇനി ബോയിങ്ങിൽ നിന്നും വിമാനങ്ങളോ വിമാന ഉപകരണങ്ങളോ വാങ്ങരുത് എന്ന് ചൈനീസ് വിമാന കമ്പനികൾക്ക് ചൈന നിർദ്ദേശം നൽകിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയ്ക്ക് 145 ശതമാനം വരെ തീരുവ ചുമത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് ചൈനയുടെ ഈ പ്രഖ്യാപനം. വിമാന നിർമ്മാണ രംഗത്തെ ബോയിങ്ങിന്റെ പ്രധാന എതിരാളിയായ എയർബസിന് ചൈനയുടെ ഈ തീരുമാനം നിർണായകമാകും എന്നാണ് സൂചന. നിലവിൽ ബോയിംഗിന്റെ ഓഹരികളുടെ ഏറ്റവും വലിയ വളർച്ചാ വിപണികളിലൊന്നാണ് ചൈന. അതിനാൽ തന്നെ ചൈനീസ് സർക്കാരിന്റെ ഈ പുതിയ തീരുമാനം കനത്ത തിരിച്ചടിയാണ് അമേരിക്കൻ കമ്പനിക്ക് ഉണ്ടാക്കിയിരിക്കുന്നത്.
ചൈനയിലെ ഏറ്റവും മികച്ച മൂന്ന് എയർലൈനുകൾ ആയ എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ് എന്നിവ 2025 നും 2027 നും ഇടയിൽ 170ലേറെ ബോയിംഗ് വിമാനങ്ങൾ ഡെലിവറി ചെയ്യാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഡൊണാൾഡ് ട്രംപ് സർക്കാരുമായുള്ള താരിഫ് തർക്കത്തിലൂടെ ആരംഭിച്ച വ്യാപാരയുദ്ധം കനത്ത തിരിച്ചടിയാണ് ബോയിങ്ങിന് ഉണ്ടാക്കിയിരിക്കുന്നത്. ചൈനയുടെ ഭാവി തീരുമാനങ്ങൾ വ്യക്തമാക്കിയിട്ടില്ലെങ്കിലും ബോയിങ്ങിനു പകരമായി യൂറോപ്യൻ വിമാന നിർമ്മാണ കമ്പനിയായ എയർ ബസിനെ ചൈന സ്വാഗതം ചെയ്തേക്കും എന്നാണ് നിലവിലുള്ള സൂചന.
Discussion about this post