ന്യൂഡൽഹി; വഖഫ് (ഭേദഗതി) നിയമവുമായി ബന്ധപ്പെട്ട് സമർപ്പിച്ച വിവിധ ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അദ്ധ്യക്ഷതയിൽ ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പ്രധാനമായും പത്തോളും ഹർജികളാണ് ഇന്ന് ബെഞ്ചിനുമുന്നിലുള്ളത്.
നിരവധി വ്യവസ്ഥകളുടെ ഭരണഘടനാ സാധുതയെ ചോദ്യ ചെയ്തുകൊണ്ടാണ് ഹർജികൾ സമർപ്പിച്ചിരിക്കുന്നത്. ഭേദഗതി ചെയ്ത നിയമം മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്നും വഖഫ് സ്വത്തുക്കളുടെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നുവെന്നുമാണ്ഹർജികളിലെ പ്രധാനവാദം. രാഷ്ട്രീയ നേതാക്കളും, മത സംഘടനകളും, പൗരാവകാശ സംഘടനകളും ഹർജികൾ സമർപ്പിച്ചിട്ടുണ്ട്.
ലോക്‌സഭാ എംപിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഒവൈസി, ഡൽഹി ആം ആദ്മി പാർട്ടി (എഎപി) എംഎൽഎ അമാനത്തുള്ള ഖാൻ, അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (എപിസിആർ), മൗലാന അർഷാദ് മദനി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ, അഞ്ജും കദ്രി തുടങ്ങിയവരും ഹർജിക്കാരിൽ ഉൾപ്പെടുന്നു.
ഭേദഗതികൾ വഖഫുകളുടെ മതപരമായ സ്വത്വത്തെ വളച്ചൊടിക്കുകയും വഖഫ് ഭരണത്തെ നിയന്ത്രിക്കുന്ന ജനാധിപത്യ പ്രക്രിയകളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഹർജി വ്യക്തമാക്കുന്നു. രാജ്യത്തുടനീളമുള്ള മുസ്ലീം ചാരിറ്റബിൾ എൻഡോവ്‌മെന്റുകളുടെ ഭരണത്തിൽ ഈ മാറ്റങ്ങൾ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് മുസ്ലിം സംഘടനകൾ പറയുന്നത്.
അതേ സമയം തങ്ങളുടെ ഭാഗം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയിൽ ഒരു മുന്നറിയിപ്പ് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. കേസ് പൂർണ്ണമായി കേൾക്കുന്നത് വരെ നിയമം നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം.
“ഇന്ത്യയിലെ വഖഫ് നിയമശാസ്ത്രത്തിന്റെ അടിത്തറയെ തന്നെ നശിപ്പിക്കുന്നു” എന്നും സമൂഹത്തിൽ വഖഫ് സ്ഥാപനത്തിന്റെ മതപരമായ പങ്ക് പുനർനിർവചിക്കാൻ ശ്രമിക്കുന്നുവെന്നും ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അർഷാദ് മദനി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post