ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാൻ പാകിസ്താന് യാതൊരു അവകാശവുമില്ലെന്ന് ഇന്ത്യ . ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലെ ദയനീയമായ ചരിത്രം പാകിസ്താൻ പരിശോധിക്കണമെന്നും ഇന്ത്യ ഓർമ്മിപ്പിച്ചു. പാർലമെന്റ് പാസാക്കിയ വഖഫ് (ഭേദഗതി) നിയമം 2025 നെക്കുറിച്ചുള്ള പാകിസ്താൻറെ അടിസ്ഥാനരഹിതമായ അഭിപ്രായങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. വഖഫ് നിയമം ഇന്ത്യയിലെ മുസ്ലീങ്ങളുടെ സ്വത്തുക്കൾ പിടിച്ചെടുക്കാനാണെന്നായിരുന്നു പാകിസ്താൻ അധികൃതരുടെ പ്രസ്താവന .
“ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വഖഫ് ഭേദഗതി നിയമത്തെക്കുറിച്ച് പാകിസ്താൻ നടത്തിയ അടിസ്ഥാനരഹിതമായ അഭിപ്രായങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ അഭിപ്രായം പറയാൻ പാകിസ്താന് യാതൊരു അർഹതയും അവകാശവുമില്ല. മറ്റുള്ളവരെ ഉപദേശിക്കുന്നതിനുപകരം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലെ സ്വന്തം ദയനീയമായ ചരിത്രം പരിശോധിക്കുന്നതാണ് പാകിസ്താന് നല്ലത്,” വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്‌വാൾ പ്രസ്താവനയിൽ പറഞ്ഞു.
വഖഫ് (ഭേദഗതി) ബിൽ 2025 മുസ്ലീങ്ങളെ അവരുടെ പള്ളികളും ദർഗ്ഗകളും ഉൾപ്പെടെയുള്ള സ്വത്തുക്കളിൽ നിന്ന് പുറത്താക്കാനുള്ള നിയമമാണെന്നും ഇത് ന്യൂനപക്ഷങ്ങളെ പാർശ്വവൽക്കരിക്കുകയാണെന്നും പാകിസ്താൻ വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ പ്രതികരണം.
വഖഫ് ബിൽ പാസാക്കിയ ശേഷം, ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ, കേന്ദ്രസർക്കാരിന്റെ പുതിയ നിയമത്തിലെ വ്യവസ്ഥകളെ പാകിസ്താൻ പോലുള്ള മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ നിലവിലുള്ള രീതികളുമായി താരതമ്യപ്പെടുത്തി വ്യക്തമായ കണക്കുകൾ പങ്കുവെച്ചിരുന്നു.
കുവൈറ്റ്, ഖത്തർ, യുഎഇ, ഒമാൻ, സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി, ബംഗ്ലാദേശ്, ബഹ്‌റൈൻ, ഇറാൻ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളിൽ വഖഫ് ഭരണത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തിനുള്ള വ്യവസ്ഥകളില്ല. വഖഫ് (ഭേദഗതി) ബിൽ 2024 ലൂടെ ഇന്ത്യ ഈ വിടവ് നികത്തുകയും വഖഫ് ഭരണത്തിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യുന്നു. പല രാജ്യങ്ങളിലും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന മുസ്ലീം വിഭാഗങ്ങൾക്ക് വഖഫ് ഭരണത്തിൽ പ്രത്യേക പ്രാതിനിധ്യം നൽകുന്നില്ല. എന്നാൽ ഇന്ത്യൻ ബിൽ ഷിയ, സുന്നി, ബോഹ്‌റ, ആഗാഖാനി, തുടങ്ങിയ പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾക്ക് വഖഫ് നടത്തിപ്പിൽ പ്രാതിനിധ്യം ഉറപ്പാക്കുന്നു.
അതുപോലെ കേന്ദ്രീകൃതമായ ഡാറ്റാബേസ്, സർവേ, കൃത്യമായ രേഖകൾ, വഖഫ് സ്വത്ത് അന്യാധീനപ്പെടാതിരിക്കാനും ദുരുപയോഗം ചെയ്യാതിരിക്കാനുമുള്ള നിയമങ്ങൾ, സാമ്പത്തികമായ സുതാര്യത തുടങ്ങിയ എല്ലാ വശങ്ങളും ഇന്ത്യയിലെ വഖഫ് ബില്ലിൽ ഉണ്ട്. എന്നാൽ ഈ നിബന്ധനകൾ ഒന്നുപോലും പാകിസ്താനിൽ ഉൾപ്പെടെ പല മുസ്ലിം രാജ്യങ്ങളിലേയും വഖഫ് നിയമത്തിലില്ല.
അങ്ങനെയുള്ള പാകിസ്താന് ഇന്ത്യയുടെ പുതിയ നിയമഭേദഗതിയെപ്പറ്റി സംസാരിക്കാൻ പോലും അവകാശമില്ല. മിക്ക മുസ്ലിം രാജ്യങ്ങളേയും താരതമ്യപ്പെടുത്തിയാൽ സമഗ്രമായ നിയമങ്ങളാണ് ഇന്ത്യയിലെ പുതുക്കിയ വഖഫ് ഭേദഗതിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ നിയമം മുസ്ലിം രാജ്യങ്ങൾ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾക്കാകെ മാതൃകയായ ഒന്നാണ്. കൃത്യമായ കണക്കുകളോടെ അമിത് മാളവ്യ അറിയിച്ചു..
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത് നിർത്തി പാകിസ്താൻ സ്വന്തം കാര്യം നോക്കിയാൽ മതിയെന്നും, സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അവർ ചെയ്യേണ്ടതെന്നും ഇന്ത്യ ആവർത്തിച്ചു.
Discussion about this post