കടുത്തുരുത്തി: അദ്ധ്യാപകനെതിരായി നൽകിയ പീഡന പരാതി വ്യാജമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി യുവതി. ഏഴ് വർഷത്തിന് ശേഷം ഭർത്താവിനൊപ്പമെത്തിയാണ് യുവതി പരസ്യമായി കുറ്റസമ്മതം നടത്തിയത്. കുറുപ്പന്തറയിൽ പാരാമെഡിക്കൽ സ്ഥാപനം നടത്തിയിരുന്ന ആയാംകുടി മധുരവേലി സ്വദേശി സി.ഡി.ജോമോനെതിരെ 2017ൽ എറണാകുളം സ്വദേശിനിയായ വിദ്യാർത്ഥിനിയാണു പരാതി നൽകിയത്. ഇതാണ് കഴിഞ്ഞ ദിവസം പിൻവലിച്ചത്.
പെൺകുട്ടിയെ പരിശീലനത്തിനായി കൊണ്ടുപോകുന്നതിനിടയിൽ അദ്ധ്യാപകനായ ജോമോൻ പീഡിപ്പിച്ചെന്നായിരുന്നു പരാതി. തുടർന്ന് ജോമോനെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ പെട്ടത് കാരണം ജോമോൻ നടത്തിയിരുന്ന പാരാമെഡിക്കൽ സ്ഥാപനം അടച്ചുപൂട്ടി. കൂടാതെ ബന്ധുക്കളും നാട്ടുകാരും തന്നെ അകറ്റിനിർത്തിയിരുന്നതായി ജോമോൻ പറയുന്നു. ഏഴ് വർഷം നീണ്ട നിയമ പോരാട്ടത്തിനിടയിൽ കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ പല ജോലികളും ജോമോൻ ചെയ്തിരുന്നു. ആത്മഹത്യയെ പറ്റി പോലും താൻ ചിന്തിച്ചിരുന്നുവെന്നും ജോമോൻ വെളിപ്പെടുത്തി.
തനിക്കെതിരെ പരാതി കൊടുക്കുന്നതിനു മുൻപായി ചിലർ പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നതായി ജോമോൻ പറയുന്നു. എന്നാൽ പരാതി നൽകിയിരുന്ന വിദ്യാർത്ഥിനി ഈ അടുത്താണ് ജോമോന്റെ ദുരിതജീവിതത്തെപ്പറ്റി അറിഞ്ഞത്. തുടർന്ന് ഭർത്താവിനൊപ്പം ജോമോന്റെ നാട്ടിലെത്തി. സമീപത്തെ ദേവാലയത്തിലെത്തി ജോമോൻ നിരപരാധിയാണെന്നും ചിലരുടെ പ്രേരണയിൽ പീഡന പരാതി നൽകിയതാണെന്നും തുറന്നു പറയുകയായിരുന്നു. പള്ളിയിലെത്തിയ പെൺകുട്ടി ജോമോനോടും കുടുംബത്തിനോടും പരസ്യമായി ക്ഷമ ചോദിക്കുകയും തുടർന്ന് കോടതിയിൽ ഹാജരായി മൊഴി കൊടുക്കുകയും ചെയ്യുകയായിരുന്നു. തന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതിൽ സന്തോഷമുണ്ടെന്നു ജോമോൻ പറഞ്ഞു.
Discussion about this post