അമേരിക്കയിൽ പിടിയിലായ തീവ്രവാദി ഹർപ്രീത് സിംഗ് എന്ന ഹാപ്പി പാസ്സിയക്ക് പാക് ചാരസംഘടനയായ ഐഎസ്ഐയുമായി അടുത്ത ബന്ധമുണ്ടെന്ന് അമേരിക്കൻ അന്വേഷണ ഏജൻസിയായ FBI യുടെ ഉദ്യോഗസ്ഥരും പഞ്ചാബ് പോലീസും മാദ്ധ്യമങ്ങളെ അറിയിച്ചു. പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഖലിസ്ഥാൻ ഭീകര സംഘടന ബബ്ബർ ഖൽസ ഇന്റർനാഷണലുമായും ഇയാൾക്ക് (BKI) അടുത്ത ബന്ധമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
അമേരിക്കയിൽ കാലിഫോർണിയയ്ക്ക് അടുത്തുള്ള സക്രാമെന്റോയിൽ വച്ചാണ് അമേരിക്കൻ അന്വേഷണ ഏജൻസികൾ ഹർപ്രീത് സിംഗിനെ പിടികൂടുന്നത്. പഞ്ചാബിലെ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലെ ഒരു പ്രധാന നാഴികക്കല്ലാണീ അറസ്റ്റെന്ന് പോലീസ് മേധാവി ഗൗരവ് യാദവ് ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു.. പാസ്സിയയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നയതന്ത്രതലത്തിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹാപ്പി പാസ്സിയ എന്ന പേരിൽ അറിയപ്പെടുന്ന ഹർപ്രീത് സിംഗ് പഞ്ചാബിലെ അമൃത്‌സർ ജില്ലയിലെ പാസ്സിയ ഗ്രാമത്തിലാണ് ജനിച്ചത്. ആദ്യകാലങ്ങളിൽ പഞ്ചാബിലെ മയക്കുമരുന്ന് അധോലോക തലവനായി വിലസിയ ഇയാൾ 2023 നും 2025 നും ഇടയിൽ പഞ്ചാബിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന നിരവധി കൊലപാതകങ്ങൾ, പോലീസിനെതിരായ ബോംബാക്രമണങ്ങൾ, ഭീഷണിപ്പെടുത്തി പണം തട്ടൽ എന്നിവയുടെ പ്രധാന സൂത്രധാരനായി പ്രവർത്തിച്ചതായി പഞ്ചാബ് ഡി ജി പി സാമൂഹ്യമാദ്ധ്യമമായ എക്സിലൂടെ പുറത്ത് വിട്ട വീഡിയോ സന്ദേശത്തിൽ അറിയിച്ചു. ഇന്ത്യയിൽ അനേകം കുറ്റകൃത്യങ്ങൾ ചെയ്ത് പിടിക്കപ്പെടും എന്നായപ്പോഴാണ് ഹർപ്രീത് സിംഗ് വിദേശത്തേക്ക് കടന്നത്.
നിലവിൽ മയക്കുമരുന്ന് കേസും ഭീകരാക്രമണ കേസുകളും യു എ പി എ യും ഉൾപ്പെടെ 33 കേസുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 14 ഗ്രനേഡ് ആക്രമണങ്ങൾ ഉൾപ്പെടെ 16 ഭീകരാക്രമണ കേസുകളിൽ പാസ്സിയക്ക് പങ്കുണ്ട് എന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചു. ഖലിസ്ഥാൻ ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലുമായി (BKI) ഇയാൾക്ക് ബന്ധമുണ്ടെന്നും സംശയിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ക്രമിനലുകളിൽ ഒരാളായ ഇയാളുടെ തലയ്ക്ക് ഗവണ്മെൻ്റും എൻ ഐ എയും അഞ്ചുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ വിവിധ സുരക്ഷാ ഏജൻസികൾ 14 ലുക്കൗട്ട് നോട്ടീസുകളും പുറപ്പെടുവിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചണ്ഡീഗഡിലെ സെക്ടാർ 10 പ്രദേശത്ത് നടന്ന ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ടാണ് ജീവനോടെയോ അല്ലാതെയോ ഇയാളെ പിടികൂടുന്നവർക്ക് അഞ്ച് ലക്ഷം രൂപയുടെ പാരിതോഷികം എൻ ഐ എ പ്രഖ്യാപിച്ചത്. പഞ്ചാബ് പോലീസിൽ നിന്ന് സൂപ്രണ്ട് ആയി വിരമിച്ച ജസ്കിരത് സിംഗ് ചഹാലിനെതിരേയാണ് ഈ ആക്രമണം നടത്തിത്. ഈ കേസിൽ NIA സമർപ്പിച്ച കുറ്റപത്രത്തിൽ പാകിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഖാലിസ്ഥാനി ഭീകരൻ ഹർവിന്ദർ സിംഗ് സന്ധു എന്ന റിൻഡ ഉൾപ്പെടെ നാല് പ്രതികളിൽ ഒരാളാണ് പാസ്സിയ.
2023 ഡിസംബറിൽ പഞ്ചാബ് പോലീസ് നടത്തിയ ഒരു ഓപ്പറേഷനിൽ ഹാപ്പി പാസ്സിയയും ഷംഷേർ എന്ന ഹണിയും നേതൃത്വം നൽകിയ ഒരു ഭീകര സംഘത്തിനെ തകർത്തിരുന്നു. ഇതിലെ ഒൻപത് ഭീകരരെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുൻപിൽ ഹാജരാക്കിയെങ്കിലും ഹർപ്രീത് സിംഗ് പിടി തരാതെ രക്ഷപെട്ടു. അതിനു ശേഷമാണ് ഇയാൾ ചണ്ഡീഗഡിലെ ആക്രമണം നടത്തിയത്. പിന്നീട് അധികൃതരുടെ കണ്ണുവെട്ടിച്ച് വിദേശത്തേക്ക് കടന്നു. പാകിസ്ഥാൻ ചാരസംഘടനയുമായുള്ള ഇയാളുടെ ബന്ധം പോലീസിനും സുരക്ഷാ ഏജൻസികൾക്കും മുൻപ് തന്നെ അറിവുണ്ടായിരുന്നു.
പാസ്സിയയെ തിരികെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പഞ്ചാബ് ഡിജിപി അറിയിച്ചു. കേന്ദ്ര സർക്കാരുമായി ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തെ തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post