കണ്ണൂർ സർവകലാശാലയിൽ ചോദ്യപ്പേപ്പർ ചോർച്ചയെന്ന് പരാതി. കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ് കോളജിൽ ബിസിഎ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് ചോർന്നത്.മാർച്ച് 18 മുതൽ ഏപ്രിൽ 2 വരെയാണ് പരീക്ഷ നടന്നത്.സർവകലാശാലയുടെ സ്‌ക്വാഡ് പരിശോധനയിലാണ് ചോദ്യപേപ്പർ ചോർന്ന വിവരം പുറത്തെത്തിയത്. കോളജ് അദ്ധ്യാപകർ വാട്‌സാപ്പ് വഴി ചോദ്യപ്പേപ്പർ ചോർത്തിയതാണെന്ന് കണ്ടെത്തിയിരുന്നു. പരീക്ഷയ്ക്ക് രണ്ടു മണിക്കൂർ മുൻപ് കോളേജ് പ്രിൻസിപ്പലിന്റെ ഇ-മെയിൽ ഐഡിയിലേക്ക് യൂണിവേഴ്‌സിറ്റി അധികൃതർ അയച്ച ചോദ്യപ്പേപ്പറിന്റെ ലിങ്കാണ് ചോർന്നത്
സംഭവത്തിൽ കണ്ണൂർ സർവകലാശാല ബിസിഎ ആറാം സെമസ്റ്റർ പരീക്ഷ പൂർണമായി റദ്ദാക്കില്ലെന്നാണ് വിവരം. ക്രമക്കേട് കണ്ടെത്തിയ കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിലെ പരീക്ഷ മാത്രം റദാക്കാനാണ് തീരുമാനം. എന്നാൽ ആരോപണം നിഷേധിച്ച് രംഗത്ത് വന്ന കോളേജ് പ്രിൻസിപ്പൽ, കോപ്പിയടിച്ച് പിടിച്ച വിദ്യാർത്ഥിയുടെ മൊഴി തെറ്റിദ്ധാരണ പരത്തിയതാകാമെന്നും പ്രതികരിച്ചു.
മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും വരാൻ സാധ്യതയുള്ള ചോദ്യങ്ങളും അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് നൽകാറുണ്ട്. അക്കൂട്ടത്തിൽ ദൗർഭാഗ്യകരമായി ചിലപ്പോൾ ഇത്തവണത്തെ ചോദ്യപേപ്പറുകളും ഉൾപ്പെട്ടതാവാം. ഒരു കുട്ടി കോപ്പിയടിച്ചിരുന്നു. കുട്ടിയുടെ കൈയ്യിൽ നിന്ന് പിടിച്ച കുറിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചോദ്യപേപ്പറിലും ഉണ്ടായിരുന്നു. കുട്ടി സർവകലാശാലയിൽ നിന്നുള്ള സ്‌ക്വോഡ് അംഗങ്ങളോട് പറഞ്ഞ മൊഴി തെറ്റിദ്ധരിക്കപ്പെട്ടതാവാമെന്നും പ്രിൻസിപ്പൽ പറയുന്നു
അതേസമയം അൺ എയ്ഡഡ് കോളേജുകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താൻ കണ്ണൂർ സർവകലാശാല തീരുമാനിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാലയിൽ നിന്നുള്ള ഒരു ജീവനക്കാരനെ കോളേജുകളിലേക്ക് പരീക്ഷാ ചുമതലയിൽ നിയോഗിക്കാനാണ് തീരുമാനം.
Discussion about this post