ന്യൂഡൽഹി; പാകിസ്താൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ കേന്ദ്ര സർക്കാർ താൽക്കാലികമായി നിർത്തിവച്ചു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിൻറെ നിർണ്ണായക തീരുമാനം . ഏപ്രിൽ 27 മുതൽ തീരുമാനം നിലവിൽവരും. ഇക്കാരണത്താൽ എല്ലാ പാകിസ്താൻ പൗരന്മാരും ഇന്ത്യ വിടണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യക്കാർ പാകിസ്താനിലേക്ക് യാത്ര ചെയ്യരുതെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
” പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി എടുത്ത തീരുമാനങ്ങളുടെ ഭാഗമായി , പാകിസതാൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഉടനടി നിർത്തിവയ്ക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചു. 2025 ഏപ്രിൽ 27 മുതൽ പാകിസ്താൻ പൗരന്മാർക്ക് ഇന്ത്യ നൽകിയിട്ടുള്ള എല്ലാ സാധുവായ വിസകളും റദ്ദാക്കിയിരിക്കുന്നു. പാകിസ്താൻ പൗരന്മാർക്ക് നൽകുന്ന മെഡിക്കൽ വിസകൾക്കും 2025 ഏപ്രിൽ 29 വരെ മാത്രമേ സാധുതയുള്ളൂ,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
പാകിസ്താനിലുള്ള എല്ലാ ഇന്ത്യക്കാരോടും ഉടൻ മടങ്ങിവരാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.”ഇന്ത്യൻ പൗരന്മാർ പാകിസ്താനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കർശനമായി നിർദ്ദേശിക്കുന്നു. നിലവിൽ പാകിസ്താനിലുള്ള ഇന്ത്യൻ പൗരന്മാരും എത്രയും വേഗം ഇന്ത്യയിലേക്ക് മടങ്ങാൻ നിർദ്ദേശിക്കുന്നു,” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
സിന്ധു നദീജല കരാർ മരവിപ്പിക്കൽ, അട്ടാരി അതിർത്തിയിലെ സംയോജിത ചെക്ക് പോസ്റ്റ് അടച്ചുപൂട്ടൽ, ഹൈക്കമ്മീഷനുകളുടെ മൊത്തത്തിലുള്ള ശക്തി വെട്ടിക്കുറയ്ക്കൽ എന്നിവയുൾപ്പെടെ അഞ്ച് സുപ്രധാന നടപടികൾ ഇന്ത്യ പാകിസ്താനെതിരെ സ്വീകരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിലാണ് തീരുമാനങ്ങൾ എടുത്തത്.
Discussion about this post