ചണ്ഡീഗഢ്: രാവിലെ മുതൽ പാകിസ്താൻ പൌരൻമാർ അട്ടാരി വാഗ അതിർത്തികടക്കാൻ കാത്തിരിക്കുന്ന ദൃശ്യങ്ങളാണ് ദേശീയ മാദ്ധ്യമങ്ങൾ പങ്കുവെയ്ക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ പാക് പൌരൻമാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയതിന് തൊട്ടുപിന്നാലെയാണിത്.
ബന്ധുക്കളെ കാണാൻ കറാച്ചിയിൽ നിന്നെത്തിയ ഒരു കുടുംബം അതിർത്തിയിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. തങ്ങളുടെ ബന്ധുക്കളെ കാണാൻ ഡൽഹിയിലേക്ക് എത്തിയതായിരുന്നു. “ഞങ്ങൾക്ക് ഇവിടെ ഒരു കുടുംബ വിരുന്ന് ഉണ്ടായിരുന്നു. അതിൽ പങ്കെടുക്കാൻ വന്നതാണ്. ഞങ്ങൾക്ക് 45 ദിവസത്തെ വിസ ഉണ്ടായിരുന്നു, പക്ഷേ ഈ അവസ്ഥയിൽ ഇന്ത്യ വിടണം. ഏപ്രിൽ 15 ന് ആണ് ഞങ്ങൾ ഇവിടെയെത്തിയത് . എന്താണോ ഇപ്പോൾ സംഭവിക്കുന്നത് അത് തീർത്തും തെറ്റായ സംഭവങ്ങളാണ്. രണ്ട് രാജ്യങ്ങൾക്കിടയിൽ സാഹോദര്യം ഉണ്ടായിരിക്കണം എന്നാണ് ആഗ്രഹിക്കുന്നത് , ”അതിർത്തിയിൽ നിൽക്കുന്നവർ മാദ്ധ്യമങ്ങളെ അറിയിച്ചു.
കൂടാതെ പാകിസ്താനിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം ഇന്ത്യൻ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം നിലവിൽ പാകിസ്താനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരാനും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. മെയ് ഒന്നിന് മുമ്പ് പാകിസ്താനിലുള്ള ഏകദേശം നൂറുകണക്കിന് ഇന്ത്യക്കാർ തിരിച്ചെത്തുമെന്നും വൃത്തങ്ങൾ അറിയിച്ചു.
അതേ സമയം അതിർത്തി അടച്ചാൽ ഇതുവഴിയുള്ള അഫ്ഗാനിസ്ഥാനുമായുള്ള വ്യാപാരം അനിശ്ചിതത്വത്തിലാവുമെന്നും റിപ്പോർട്ടുകളുണ്ട്.
Discussion about this post