ദുബായ്; ഇറാനിയൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ ഷാഹീദ് രാജേ തുറമുഖത്ത് വൻ സ്ഫോടനം. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് 1,000 കിലോമീറ്ററിലധികം (620 മൈൽ) തെക്ക് മാറിയാണ് ബന്ദർ അബ്ബാസിൽ സ്ഥിതി ചെയ്യുന്നത്.
തുറമുഖ, മാരിടൈം ഓർഗനൈസേഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സിന കണ്ടെയ്‌നർ യാർഡിലാണ് സ്‌ഫോടനം നടന്നതെന്ന് ഇറാന്റെ കസ്റ്റംസ് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഒമാനിൽ അമേരിക്കയുമായി ഇറാൻ മൂന്നാം ഘട്ട ആണവ ചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത് എന്നതിൽ ദുരൂഹതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സ്ഫോടനത്തിന്റെ കാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സ്ഫോടനത്തിൽ കുറഞ്ഞത് 195 പേർക്ക് പരിക്കേറ്റതായാണ് ഇറാൻറെ ഔദ്യോഗിക സ്ഥിരീകരണം.പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയതായി ഇറാൻ അധികൃതർ അറിയിച്ചു. നേരത്തെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നുവെന്നും സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഷാഹിദ് രാജായി തുറമുഖ ഡോക്കിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് ഹോർമോസ്ഗാൻ തുറമുഖ, മാരിടൈം അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ എസ്മയിൽ മാലെക്കിസാദെ അറിയിച്ചു. തീ അണയ്ക്കുന്നതിനായും രക്ഷാപ്രവർത്തനങ്ങൾക്കായും തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചെന്ന് തുറമുഖ ഉദ്യോഗസ്ഥർ അറിയിക്കുന്നു. തുറമുഖ ജീവനക്കാരുടെ എണ്ണം കണക്കിലെടുക്കുമ്പോൾ സംഭവത്തിൽ നിരവധി പേർ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് പരിക്കേറ്റവരുടെ എണ്ണം ഇനിയും കൂടുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.സ്ഫോടനത്തിൽ കിലോമീറ്ററുകളോളം കുപ്പിച്ചില്ലുകൾ തെറിച്ചു. അന്തരീക്ഷമാകെ പുകനിറഞ്ഞിരിക്കുകയാണെന്നും സമൂഹമാദ്ധ്യമങ്ങളിലും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
2020-ൽ, ഇതേ തുറമുഖത്തെ കമ്പ്യൂട്ടറുകൾക്ക് നേരെ ഒരു സൈബർ ആക്രമണം നടന്നിരുന്നു. ഇത് ജലപാതകളിലും സൗകര്യത്തിലേക്കുള്ള റോഡുകളിലും വൻ നാശനഷ്ടങ്ങൾക്ക് കാരണമായി. ഇറാന്റെ മുഖ്യശത്രുവായ ഇസ്രായേലാണ് ആ സംഭവത്തിന് പിന്നിലെന്ന് നേരത്തെ നടന്ന ഇറാനിയൻ സൈബർ ആക്രമണത്തെ ചൂണ്ടിക്കാട്ടി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
Discussion about this post