ശ്രീനഗർ: ജമ്മുകശ്മീരിൽ ഒരു ഭീകരന്റെ വീടുകൂടി തകർത്ത് സുരക്ഷാ സേന. പഹൽഗാം ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്ന ഭീകരൻ ഫാറൂഖ് അഹമ്മദ് തട്വയുടെ വീടാണ് സ്‌ഫോടനത്തിൽ തകർത്തത്. ഇയാളുടെ പാക് അധീനകശ്മീരിലെ കുപ്വാര ജില്ലയിലെ കലറൂസിലുള്ള വീടാണ് തകർത്തത്.
ഇതോടെ സുരക്ഷാസേന തകർത്ത ഭീകരരുടെ വീടുകളുടെ എണ്ണം എട്ടായി. പഹൽഗാം ഭീകരാക്രമണത്തിലെ രണ്ട് ഭീകരരുടെ വീടുകൾ കഴിഞ്ഞ വ്യാഴാഴ്ചയും അഞ്ച് പേരുടെ വീടുകൾ വെള്ളിയാഴ്ചയും തകർത്തിരുന്നു.ലഷ്‌കറെ ത്വയ്ബ കമാൻഡർമാർ ഉൾപ്പെടെ ഭീകരരുടെ ഷോപ്പിയാൻ, കുൽഗാം, പുൽവാമ ജില്ലകളിലുള്ള വീടുകളാണ് സുരക്ഷാ സേന വെള്ളിയാഴ്ച തകർത്തത്.
അതേസമയം സുരക്ഷാ സേനകൾ നടത്തിയ തിരച്ചിലിൽ 175 പേരെ ചോദ്യം ചെയ്യലിനായി കശ്മീർ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങളറിയുമോ, ഇവർക്കു നേരിട്ടോ അല്ലാതെയോ ഇതിൽ പങ്കുണ്ടോ തുടങ്ങിയവ അറിയാനാണ് ചോദ്യം ചെയ്യൽ.
Discussion about this post