തിരുവനന്തപുരം: വിസിൽ ചെയർമാനും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിയോടൊപ്പം കുടുംബം പങ്കെടുത്ത സംഭവത്തിൽ വിവാദം കനക്കുന്നു. വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും കൊച്ചുമകനും പങ്കെടുക്കുന്ന ചിത്രം ആണ് വിവാദത്തിന് ആധാരം.
വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ ) എംഡി ദിവ്യ എസ്.അയ്യർ കാര്യങ്ങൾ വിശദീകരിക്കുന്ന യോഗത്തിന്റെ ചിത്രത്തിൽ മുഖ്യമന്ത്രിയുടെ കൊച്ചുമകൻ ഇഷാനുമുണ്ട്. പദ്ധതിയുടെ നിർണായക വിവരങ്ങൾ വിശദീകരിക്കുന്ന യോഗത്തിൽ, മുഖ്യമന്ത്രിയുടെ മകളും സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട എസ്എഫ്ഐഒ കേസിൽ പ്രതിയുമായ ടി. വീണ പങ്കെടുത്തതിന് എതിരെയും വിമർശനം ഉയർന്നുണ്ട്.തന്ത്രപ്രധാനമായ മേഖലകളിൽ ഇവർ കടന്നത് രാജ്യാന്തര തുറമുഖത്തിന്റെ സുരക്ഷാമാനദണ്ഡങ്ങൾ ലംഘിച്ചാണെന്നും വലിയ സുരക്ഷാവീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നുമുള്ള വിമർശനവും ഉയർന്നിട്ടുണ്ട്.
അതീവസുരക്ഷയുള്ള മുഖ്യമന്ത്രി ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ സാധാരണ നിലയില്‍ മുന്‍സീറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇരിക്കാറുള്ളത്. എന്നാല്‍ വിഴിഞ്ഞം യാത്രയില്‍ മകള്‍ വീണയാണ് വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരുന്നത്.
വിസില്‍ ചെയര്‍മാനും ബന്ധപ്പെട്ട മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തില്‍ ഏതാണ് ഈ യുവ അധികാരി? എന്നാണ് ചിത്രം പങ്കുവച്ച് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് സമൂഹമാധ്യമത്തില്‍ ഉന്നയിച്ച ചോദ്യം.വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ മുഖ്യമന്ത്രിയുടേത് അനൗദ്യോഗിക സന്ദര്‍ശനമാണെന്ന് ന്യായീകരിച്ച് തടിതപ്പുകയാണ് അധികൃതർ.
Discussion about this post